VELLAPPALLI
രാജ്യസഭാ സീറ്റ്: ഇരു മുന്നണികളേയും വിമര്‍ശിച്ച് വെള്ളാപ്പള്ളി
രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്ന് ആരോപണം
തിരുവനന്തപുരം | കേരളത്തില്‍ ഇരു മുന്നണികളും രാജ്യസഭാ സീറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയതിനെതിരെ വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘നമ്മള്‍, വേലികെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍’ എന്ന തലക്കെട്ടില്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായി. ഇത് തുറന്നു പറഞ്ഞതിന്റെ പേരില്‍ മുസ്ലിം സംഘടനകള്‍ തനിക്ക് വര്‍ഗീയ പട്ടം ചാര്‍ത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി പി ഐയുടെ സീറ്റ് മുസ്ലിമിനും സി പി എമ്മിന്റെത് ക്രൈസ്തവനും വിളമ്പി. യു ഡി എഫ് പതിവുപോലെ ലീഗിന് സമര്‍പ്പിച്ചു.
ഇതേ നയങ്ങളുമായി സി പി എമ്മും എല്‍ ഡി എഫും മുന്നോട്ടു പോയാല്‍ കാര്യങ്ങള്‍ കൈവിടും. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലാകും. പിന്നാക്ക വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന് വിലപിക്കുകയാണ് സി പി എം. അതിനിടയിലാണ് രാജ്യസഭാ സീറ്റ് നിര്‍ണയത്തിലെ അവഗണനയുണ്ടായിരിക്കുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയേണ്ടതിനു പകരം താത്വികമായ അവലോകനം നടത്തിയിട്ടൊന്നും കാര്യമില്ല. സി പി എമ്മും സി പി ഐയും ഇപ്പോള്‍ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്‌നമാണെന്നും ലേഖനത്തില്‍ പറയുന്നു.







