Connect with us

Health

മഴക്കാലവും ഭക്ഷണ ക്രമീകരണവും

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽനിന്ന് ഉന്മേഷദായകമായ മഴക്കാലത്തേക്കുള്ള മാറ്റം തീർച്ചയായും ആശ്വാസം നൽകുന്നു. എന്നാൽ, രോഗകാരണമായ സൂക്ഷ്മാണുക്കൾ മുളയ്ക്കുന്നതിന് അനുകൂലമായ അന്തരീക്ഷവും മഴ നൽകുന്നു. ഭക്ഷണത്തിലെ അണുബാധ മുതൽ കൊതുക് പരത്തുന്ന രോഗങ്ങൾ വരെ, മഴക്കാലം പലതരം രോഗങ്ങൾക്കും കാരണമാകും.

Published

|

Last Updated

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽനിന്ന് ഉന്മേഷദായകമായ മഴക്കാലത്തേക്കുള്ള മാറ്റം തീർച്ചയായും ആശ്വാസം നൽകുന്നു. എന്നാൽ, രോഗകാരണമായ സൂക്ഷ്മാണുക്കൾ മുളയ്ക്കുന്നതിന് അനുകൂലമായ അന്തരീക്ഷവും മഴ നൽകുന്നു. ഭക്ഷണത്തിലെ അണുബാധ മുതൽ കൊതുക് പരത്തുന്ന രോഗങ്ങൾ വരെ, മഴക്കാലം പലതരം രോഗങ്ങൾക്കും കാരണമാകും.

പ്രതിരോധശേഷി വർധിപ്പിക്കുക എന്നത്‌ നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനമായ മന്ത്രമാണ്. അതുപോലെ തന്നെ മഴക്കാലത്ത്‌ വ്യായാമവും കുറവായിരിക്കും. അത് പിന്നീട് ദഹനപ്രക്രിയ കുറയാനും കാരണമാകുന്നു. അതിനാൽ ഈ കാലാവസ്ഥയിൽ നിങ്ങളുടെ ആരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തെയും നിലനിർത്താനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യകരവും പോഷകപരവുമായ ആഹാരം വളരെയധികം പ്രാധാന്യമുള്ളതാണ്. മൺസൂൺ കാലത്ത് എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന്‌ നോക്കാം.

കഴിക്കേണ്ടവ

മൂന്ന് തരം ഭക്ഷണങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തേണ്ടത്

  • രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്.
  • കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്‌സും പ്രീബയോട്ടിക്‌സും.
  • പുളിപ്പിച്ച ഭക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്

സുഗന്ധവ്യഞ്ജനങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ മഞ്ഞൾ, കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയവ ചേർക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ജലദോഷം, പനി തുടങ്ങിയവ കുറയുകയും ചെയ്യും.

ഔഷധ സസ്യങ്ങൾ

ഔഷധസസ്യങ്ങളായ കറിവേപ്പില, തുളസി, പുതിനയില എന്നിവ മുഴുവൻ ഇലകളായി വിഭവങ്ങളിലോ ചമ്മന്തികളിലോ ചേർക്കുകയോ അല്ലെങ്കിൽ ഇലകൾ തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, പേരക്ക എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിലെ വിറ്റാമിൻ സി അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്‌സും പ്രീബയോട്ടിക്‌സും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും.
എന്താണ് പ്രോബയോട്ടിക്ക്?

പ്രോബയോട്ടിക്കുകൾ ശരീരത്തിലെ ജീവനുള്ള സൂക്ഷ്മാണുക്കളാണ്. അവ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്നു.
ഉദാ : തൈര്, പഴങ്ങൾ, പുളിപ്പിച്ച പച്ചക്കറികൾ.
എന്നാൽ പ്രീബയോട്ടിക്‌സ്‌ കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ വളരാൻ സഹായിക്കുന്ന പദാർഥങ്ങളാണ്. ഇവയും ചില ഭക്ഷണങ്ങളിൽ ലഭ്യമാണ്.
ഉദാ : ഉള്ളി, വാഴപ്പഴം, ആപ്പിൾ എന്നിവ.

പുളിപ്പിച്ച ആഹാരങ്ങൾ

നിയന്ത്രിത സൂക്ഷ്മാണുക്കളുടെ വളർച്ചയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണമാണ് പുളിപ്പിച്ച ആഹാരങ്ങൾ.
ഉദാഹരണത്തിന് നമ്മുടെയൊക്കെ വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന ഭക്ഷണങ്ങളായ ദോശ, ഇഡ്ഡലി, അപ്പം, ഊത്തപ്പം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. തൈര്, പനീർ പോലുള്ള പാൽ ഉത്പന്നങ്ങളും പുളിപ്പിച്ച ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഒഴിവാക്കേണ്ടത്

  • വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. കാരണം, അത് ശരീരത്തിലെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
  • അധികം ഉപ്പിട്ട ഭക്ഷണം ശരീരത്തിൽ വെള്ളം നിലനിർത്താൻ ഇടയാക്കും. അതുകൊണ്ട് ഉപ്പിട്ട പരിപ്പുകൾ, ബേക്കറി എന്നിവ ഒഴിവാക്കുക.
  • പച്ചയായ സാലാഡുകളും ഇലവർഗങ്ങളും ഒഴിവാക്കുക.

ഉഷ്ണത്തിൽ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കർക്കിടകത്തിൽ സംഭവിക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. ഇതിനാൽ തന്നെ പണ്ടുകാലത്ത് പ്രത്യേക ഭക്ഷണവസ്തുക്കൾ ഈ മാസം കഴിക്കുന്നതുംപതിവായിരുന്നു. ഇതിലൊന്നാണ് കർക്കിടക കഞ്ഞി അഥവാ ഉലുവക്കഞ്ഞി. പയർ വർഗമാണ് ഇതിലെ പ്രധാന ചേരുവ.

ചേരുവകൾ :

ഉലുവ : 1 ടീസ്പൂൺ
എള്ള് : 1 ടീസ്പൂൺ
ചെറുപയർ : 1 ടീസ്പൂൺ
വൻപയർ : 1 ടീസ്പൂൺ
മുതിര : 1 ടീസ്പൂൺ
ഗോതമ്പ് : 1 ടീസ്പൂൺ
പൊട്ട് കടല/പരിപ്പ് :1 ടീസ്പൂൺ
പൊടിയരി :1 ടീസ്പൂൺ
ഉഴുന്ന്. : 1 ടീസ്പൂൺ
റാഗി. : 1 ടീസ്പൂൺ
ജീരകം : 1 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
തേങ്ങാപ്പാൽ : ഒരു തേങ്ങ ചിരകിയതിന്റെത്
ശർക്കര : 150 ഗ്രാം

ഉണ്ടാക്കേണ്ട വിധം

ഉലുവ, എള്ള്, ചെറുപയർ, വൻപയർ, മുതിര, ഗോതമ്പ്, പൊട്ട് കടല /പരിപ്പ്, പൊടിയരി, ഉഴുന്ന്, റാഗി, ജീരകം എന്നിവ ഒരു രാത്രി മൊത്തം വെള്ളത്തിൽ കുതിർത്ത് വെക്കുക. എന്നിട്ട് അത് ഹൈ ഫ്ലേമിൽ ഒരു വിസിലും ലോ ഫ്ലേമിൽ ആറ് വിസിലും എന്ന രീതിയിൽ കുക്കറിൽ വേവിക്കുക. വേവിച്ചതിനു ശേഷം ഉരുക്കിയ ശർക്കര അതിലേക്ക് ഒഴിക്കുക. അതിന് ശേഷം തേങ്ങാപ്പാൽ മിക്‌സ് ആക്കുക. എന്നിട്ട് അത് സേർവ് ചെയ്യുക.

കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമാണ് ഉലുവക്കഞ്ഞി. അതുപോലത്തന്നെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ദഹന ആരോഗ്യത്തിനും ഊർജനില നിയന്ത്രിക്കുന്നതിനും കർക്കിടകക്കഞ്ഞി അഥവാ ഉലുവക്കഞ്ഞി അത്യുത്തമമാണ്.

ചുരുക്കത്തിൽ, ശ്രദ്ധാപൂർവമായ ഭക്ഷണരീതികൾ പരിശീലിക്കുക. പ്രാദേശികവുംകാലാനുസൃത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പതിവായി വ്യായാമം ശീലമാക്കുക, പോസിറ്റീവ് ആയിരിക്കുക എന്നിവയാണ് നല്ല ആരോഗ്യം നിലനിലനിർത്താനുള്ള ഉത്തമ മാർഗം.

കമ്മ്യൂണിറ്റി ന്യൂട്രീഷൻ ഫോറം, കേരള

Latest