Kerala
കേരളത്തില്‍ മഴ കുറയുന്നു; ഇടവപ്പാതിയില്‍ 13 ശതമാനവും തുലാവര്‍ഷത്തില്‍ 21 ശതമാനവും കുറവ്
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 13 ശതമാനവും വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ സമയത്ത് 21 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പത്തനംതിട്ട | കേരളത്തില്‍ മഴ കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. 2025ല്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 13 ശതമാനവും വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ സമയത്ത് 21 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 2018.6 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിച്ച കേരളത്തില്‍ പെയ്തിറങ്ങിയത് 1752.7 മില്ലി മീറ്റര്‍ മാത്രമാണ്. കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 70 മുതല്‍ 85 ശതമാനം വരെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് കിട്ടുന്നത്.
വടക്കു കിഴക്കന്‍ മണ്‍സൂണില്‍ സംസ്ഥാനത്ത് ഏറ്റവും അധികം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ മലപ്പുറത്ത് 33 ശതമാനവും കൊല്ലത്ത് 32 ശതമാനവും ഇടുക്കിയില്‍ 26 ശതമാനവും മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശരാശരി മഴ ലഭിച്ചില്ല. ഈ കാലയളവില്‍ 492 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചത് 388.4 മില്ലി മീറ്റര്‍ മഴയാണ്. മഴപ്പെയ്ത്തുമായി ബന്ധപ്പെട്ട് 2025 സംസ്ഥാനത്തിന്റെ സമീപകാല കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും ശാന്തമായ വര്‍ഷങ്ങളിലൊന്നായാണ് ഓര്‍മിക്കപ്പെടുക. പ്രത്യേകിച്ച്, 2018 ലെ മഹാപ്രളയത്തിനു ശേഷം എല്ലാ വര്‍ഷവും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ അതിതീവ്ര മഴ മൂലമുണ്ടായ വലിയ പ്രകൃതി ദുരന്തങ്ങളൊന്നും കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.
2025ല്‍ കേരളത്തില്‍ അതിതീവ്ര മഴയിലും കുറവുണ്ടായി. അഞ്ച് അതിതീവ്ര മഴ പെയ്ത സംഭവങ്ങളാണ് പ്രാദേശികമായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്‍സൂണിന് മുമ്പുള്ള സമയത്തും (മെയ് 20, 26) തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തും (ജൂണ്‍ 16, ജൂണ്‍ 26, ആഗസ്റ്റ് 5) ആണ് കേരളത്തില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയത്.
2018ലും 2019ലും യഥാക്രമം 32 ഉം 33 ഉം ആയിരുന്നു അതിതീവ്ര മഴയുടെ എണ്ണം. 2024 ല്‍ സാധാരണത്തേക്കാള്‍ കുറവായിരുന്നു അതിതീവ്ര മഴ. എന്നാല്‍, പ്രസ്തുത വര്‍ഷം വയനാട്ടില്‍ പെയ്ത അതിതീവ്ര മഴയും മണ്ണിടിച്ചിലും 254 ജീവനുകളാണ് പൊലിഞ്ഞത്. 128 പേരെ കാണാതാവുകയും ചെയ്തു.



