Kasargod
നീലേശ്വരത്തിന്റെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരം; പൂര്‍ണ്ണ എക്സ്പ്രസിനും രാമേശ്വരം എക്സ്പ്രസിനും സ്റ്റോപ്പ്
നീലേശ്വര്‍ റെയില്‍വേ ഡെവലപ്മെന്റ് കളക്ടീവിന്റെയും (എന്‍ ആര് ഡി സി) എം പി രാജ് മോഹന്‍ ഉണ്ണിത്താന്റെയും നിരന്തരമായ പരിശ്രമങ്ങളും സമ്മര്ദ്ദഫലവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.
നീലേശ്വരം| നീലേശ്വരത്തിന്റെ ദീര്‍ഘകാലമായുള്ള യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി. രണ്ട് പ്രധാന പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. നീലേശ്വര്‍ റെയില്‍വേ ഡെവലപ്മെന്റ് കളക്ടീവിന്റെയും (എന്‍ ആര് ഡി സി) എം പി രാജ് മോഹന്‍ ഉണ്ണിത്താന്റെയും നിരന്തരമായ പരിശ്രമങ്ങളും സമ്മര്ദ്ദഫലവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.
11097/11098 പൂന – എറണാകുളം ജങ്ഷന് പൂര്‍ണ്ണ എക്സ്പ്രസ്, 16621/16622 രാമേശ്വരം – മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാമേശ്വരം എക്സ്പ്രസ് കാസര്‍കോട് വിട്ടു കഴിഞ്ഞാല്‍ ഇനി നീലേശ്വരത്ത് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
കണ്ണൂര്‍ – കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നീലേശ്വരത്ത് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചിരിക്കുന്നത് എന്നത് ഈ സ്റ്റേഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എട്ട് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങളുടെ ഏകാശ്രയമാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്.
ഈ ഉത്തരവ് പ്രകാരം 11097 / 11098 പൂന – എറണാകുളം ജങ്ഷന് പൂര്‍ണ്ണ എക്സ്പ്രസിന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന് എന്നിവയ്ക്ക് പുറമെയാണ് നീലേശ്വരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
16621 / 16622 രാമേശ്വരം – മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസിന് പാലക്കാട് ജങ്ഷന്, ഷൊര്‍ണൂര്‍ ജങ്ഷന്, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രധാന സ്റ്റോപ്പുകള്‍ക്ക് ഒപ്പമാണ് നീലേശ്വരത്തും സ്റ്റോപ്പ് ലഭിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നീലേശ്വരത്ത് ഉണ്ടായത്. ഇതിനിടയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പുതിയ കെട്ടിടങ്ങള്‍, പുതിയ പാര്‍ക്കിംഗ് ഏരിയകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ മലയോര ജനതയുടെ ഏക ആശ്രയവും കേന്ദ്രവുമാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്. മഹാത്മാജിയുടെ നീലേശ്വരം സന്ദര്‍ശന ശതാബ്ദി വര്‍ഷത്തില്‍ റെയില്‍വേ നല്കിയ ഈ അംഗീകാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എന്‍ ആര് ഡി സി ഭാരവാഹികള്‍ വ്യക്തമാക്കി.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ ആര് ഡി സി ഭാരവാഹികള്‍ അറിയിച്ചു. വണ്ടികള്‍ എന്നു മുതല്‍ നിര്‍ത്തി തുടങ്ങും എന്നുള്ള കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ പുതിയ ഉത്തരവ് പ്രകാരം (CC-278/2026) പിന്നീട് ഔദ്യോഗികമായി പുറത്തിറക്കുന്നതാണ്. നീലേശ്വരത്തിന്റെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഇനിയും തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: The Railway Board has approved experimental stops for the Pune-Ernakulam Poorna Express and Rameswaram-Mangaluru Central Express at Nileshwar railway station. This milestone follows continuous efforts by MP Rajmohan Unnithan and NRDC. The official implementation date will be announced soon.





