Connect with us

National

ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് പഠിച്ചുവെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തിയതെന്നും രാഹുല്‍ഗാന്ധി

Published

|

Last Updated

റായ്പൂര്‍| ഭാരത് ജോഡോ യാത്ര സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ കണ്ടുമുട്ടിയ മാസങ്ങളായിരുന്നെന്നും ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാജ്യത്തിനായി നടന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവരുടെ വേദന മനസ്സിലാക്കുകയും ചെയ്‌തെന്നും റായ്പൂരില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ 86ാം പ്ലീനറി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

2022 സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്ന് ജമ്മു കശ്മീരില്‍ സമാപിച്ചു. നാലര മാസത്തിനിടെ മൊത്തം 4,000 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഒപ്പം ജമ്മു കശ്മീര്‍ യാത്രയുടെ അനുഭവവും അദ്ദേഹം പരാമര്‍ശിച്ചു.

52 വര്‍ഷം പിന്നിട്ടിട്ടും എനിക്കിപ്പോഴും വീടില്ല. പക്ഷേ, കശ്മീരില്‍ എത്തിയപ്പോള്‍ അതൊരു വീടായി തോന്നി. എല്ലാ ജാതിയിലും പ്രായത്തിലുമുള്ള ആളുകള്‍ക്ക് വീടെന്ന തോന്നലുണ്ടാക്കാനായിരുന്നു ആ യാത്ര. ആ സമയത്ത് ആളുകള്‍ എന്നോട് രാഷ്ട്രീയം സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തിയതെന്നും രാഹുല്‍ഗാന്ധി കൂട്ടിചേര്‍ത്തു.