National
ഇപ്പോൾ 45 കേസുകളുണ്ട്; 100 എണ്ണം രജിസ്റ്റർ ചെയ്യട്ടെ; ഓരോ എഫ് ഐ ആറും മെഡൽ പോലെ കാണുന്നു: രാഹുൽ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ന്യൂഡൽഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെ ഫയൽ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ 45 എഫ് ഐ ആർ ആറുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ, 100 കേസുകൾ നേരിടാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ഓരോ എഫ് ഐ ആറും താൻ മെഡലുകൾ പോലെയാണ് കാണുന്നതെന്നും ഡൽഹിയിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ മുന്നണി (INDIA Bloc) നേതാക്കൾ ഡൽഹിയിലെ ജന്തർ മന്ദിറിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വോട്ടവകാശം കവർന്നെടുത്തു എന്ന് ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ് എം പി ഗുർജീത് സിംഗ് ഔജ്‌ല ആവശ്യപ്പെട്ടു. പ്രതിപക്ഷ ജനപ്രതിനിധികളെ ജന്തർ മന്ദിറിലേക്ക് എത്തുന്നതിൽ നിന്ന് പോലീസ് തടഞ്ഞതായും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ പാർട്ടികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജന്തർ മന്ദിറിലെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച ഖാർഗെ, കേസുകൾ നേരിടേണ്ടി വന്നാലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.
Also Readഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാർ തെരുവിൽ; പ്രതിഷേധ മാർച്ച് തടഞ്ഞു; ജന്തർ മന്തർ സമരഭരിതം നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എം പിമാർ നടത്തിയ മാർച്ചിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. ആം ആദ്മി പാർട്ടി, ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു.
Content Highlights
Rahul Gandhi reacted to the FIR registered against him, stating he is ready to face 100 cases and calling them medals. The INDIA bloc escalated protests at Jantar Mantar against CEC Gyanesh Kumar over alleged voter list issues. Opposition leaders demanded the arrest of the CEC while affirming that their fight for voters’ rights would continue.




