Cover Story
ഇന്ത്യയുടെ ക്യാമറക്കണ്ണുകൾ
രാഷ്ട്രീയാധികാരം മുതൽ ദൈനംദിന ജീവിതം വരെയുള്ള നിമിഷങ്ങൾ വ്യക്തതയോടെ പകർത്തി, രാജ്യത്തെ രേഖപ്പെടുത്തുന്നതിനായി ജീവിതം മാറ്റിവെച്ച റായ് അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു. അദ്ദേഹം പകർത്തിയ അപൂർവ ചിത്രങ്ങൾ ഇവിടെ ബാക്കിയുണ്ടാകും, ഒരു ഫോട്ടോഗ്രാഫർ എങ്ങനെയാണ് ഒരു രാജ്യത്തെ ഉൾക്കാഴ്ചയോടെ പകർത്തിവെച്ചത് എന്ന കഥ പറയാനായി. ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ രാജ്യം അനുസ്മരിക്കുന്ന മഹാപ്രതിഭയുടെ ജീവിതത്തെക്കുറിച്ച്...
“ഏതൊരു ഫോട്ടോയും ജീവിതത്തിൽ നിന്നുള്ള തീക്ഷ്ണമായ ഒരു വസ്തുതയാണ്. ആ വസ്തുത എന്നേക്കും നിലനിൽക്കും.’
– രഘു റായ്
ഇപ്പോഴത്തെ പാകിസ്ഥാന്റെ ഭാഗമായ ഝാംഗ് എന്ന ചെറിയ ഗ്രാമത്തിലാണ് 1942ൽ രഘു റായ് ജനിച്ചത്. 1965ൽ അദ്ദേഹം ഫോട്ടോഗ്രഫി പഠിച്ചു. ഫോട്ടോ പിടിക്കാൻ തുടങ്ങി. അടുത്ത വർഷം ദി സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്കും തെരുവിലേക്കും ക്യാമറയുമായി ഇറങ്ങിച്ചെന്ന ഈ അസാധാരണ ഫോട്ടോഗ്രാഫർ അപൂർവങ്ങളിൽ അപൂർവമായ ചിത്രങ്ങൾ പകർത്തി. ബി ബി സി തങ്ങളുടെ അനുസ്മരണത്തിൽ പരാമർശിച്ചത് പോലെ, ഇന്ത്യയെ സ്വയം കണ്ടെത്താൻ സഹായിച്ച മഹാ പ്രതിഭയായി രഘു റായ് വളർന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി, ഇന്ത്യ എന്ന വികാരത്തോട്, അപൂർവമായ അടുപ്പത്തോടും വ്യക്തതയോടും കൂടി രഘു റായ് ഫോട്ടോയെടുത്തു.
1972ൽ പാരീസിൽ താൻ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു രഘു റായ്. ഈ പരിപാടിയിൽ പങ്കെടുത്ത വിഖ്യാത കലാകാരൻ ഹെൻറി കാർട്ടിയർ ബ്രെസൺ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ആകൃഷ്ടനായി. എന്തുകൊണ്ടാണ് താങ്കൾ മാഗ്നം ഫോട്ടോസിൽ ചേരാത്തത് എന്നാണ് അദ്ദേഹം രഘു റായിയോട് ചോദിച്ചത്. ലോക പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുടെയും കലാകാരന്മാരുടെയും സൃഷ്ടികൾ ലോകത്തോട് സംവദിക്കാനുള്ള ഏറ്റവും വലിയ മൂവ്മെന്റാണ് പാരീസിൽ ആരംഭിച്ച ഈ പ്രസ്ഥാനം. അങ്ങനെയാണ് 1977ൽ മാഗ്നം ഫോട്ടോസിൽ ചേരാൻ റായിയെ ഹെൻറി ബ്രെസൺ നാമനിർദേശം ചെയ്തത്.
1976ൽ റായ് ദി സ്റ്റേറ്റ്സ്മാൻ വിട്ടു. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചു വന്നിരുന്ന സൺഡേ എന്ന വാരികയുടെ പിക്ചർ എഡിറ്ററായി ജോലി ചെയ്തു. 1980ൽ അദ്ദേഹം പിക്ചർ എഡിറ്റർ/ വിഷ്വലൈസർ/ ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ ഇന്ത്യയിലെ പ്രമുഖ വാർത്താ മാസികയായ ഇന്ത്യാ ടുഡേയുടെ തുടക്ക കാലങ്ങളിൽ പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ, അദ്ദേഹം പ്രത്യേക ലക്കങ്ങളിലും ഡിസൈനുകളിലും സജീവമായി പ്രവർത്തിച്ചു.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രലേഖനങ്ങൾ റായ് പ്രസിദ്ധീകരിച്ചു. അവയിൽ പലതും മാധ്യമ ലോകത്ത് സംസാര വിഷയമായി മാറി. ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഫോട്ടോ ജേർണലിസ്റ്റ് ആയി അദ്ദേഹം പേരെടുത്തു. ഫോട്ടോഗ്രഫിക്കൊപ്പം അസാമാന്യമായി എഴുതിയിരുന്ന പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് ശതാബ്ദങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള വിപുലമായ വാർത്താ കവറേജിൽ റായ് അസാമാന്യമായ വൈദഗ്ധ്യം കാണിക്കുകയുണ്ടായി. രഘു റായിയുടെ ഡൽഹി, ദി സിഖ്സ്, കൽക്കട്ട, ഖജുരാഹോ, താജ് മഹൽ, ടിബറ്റ് ഇൻ എക്സൈൽ, ഇന്ത്യ, മദർ തെരേസ എന്നിവയുൾപ്പെടെ, അദ്ദേഹം രചിച്ച 18 പുസ്തകങ്ങളിലും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, കലാ ജീവിതം അദ്ദേഹം മനോഹരമായി വരച്ചുവെച്ചു.
ഗ്രീൻപീസിനു വേണ്ടി, 1984ൽ ഭോപ്പാലിൽ ഉണ്ടായ രാസ ദുരന്തത്തെക്കുറിച്ചും, ഗ്യാസ് ദുരന്തത്തിന് ഇരയായവരുടെ ജീവിതത്തിൽ അതിന്റെ തുടർച്ചയായി വന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഒരു ഡോക്യുമെന്ററി പ്രോജക്റ്റ് അദ്ദേഹം പൂർത്തിയാക്കി. ഈ പ്രോജക്റ്റിന്റെ ഭാഗമായി ഭോപ്പാൽ ദുരന്തത്തിന്റെ 20ാം വാർഷികമായ 2004ൽ യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പര്യടനം നടത്തുകയും പ്രകൃതി ദുരന്തങ്ങൾ, മനുഷ്യ നിർമിത ദുരന്തങ്ങൾ എങ്ങനെയാണ് പലരുടെയും ജീവിതം മാറ്റി മറിക്കുന്നതെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.
ഫോട്ടോയെടുത്ത് വീട്ടിലിരുന്നു അത് ആസ്വദിക്കുന്ന ഫോട്ടോഗ്രാഫർ ആയിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച ആക്റ്റിവിസ്റ്റ് ആയിരുന്നു രഘു റായ്. ഈ യാത്രയിൽ ഭോപ്പാൽ ദുരന്തത്തെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ദുരന്തത്തേക്കുറിച്ച് മൂന്ന് പ്രദർശനങ്ങളും സംഘടിപ്പിച്ചു. ദുരന്തത്തെക്കുറിച്ചും, ഭോപ്പാലിന് ചുറ്റുമുള്ള മലിനമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഇരകളെക്കുറിച്ചും ഏറ്റവും വലിയ ക്യാമ്പയിൻ നടത്തിയത് രഘു റായ് ആണെന്ന് പറയാം.
1971ൽ റായിക്ക് പത്മശ്രീ ലഭിച്ചു. ഒരു ഫോട്ടോഗ്രാഫർക്ക് ഇത്രമേൽ ഉയർന്ന സിവിലിയൻ അവാർഡ് ആദ്യമായാണ് ലഭിക്കുന്നത്. 1992ൽ, അദ്ദേഹത്തിന്റെ നാഷനൽ ജിയോഗ്രാഫിക് കവർ സ്റ്റോറി ഹ്യൂമൻ മാനേജ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ എന്ന കൃതിക്ക് വ്യാപകമായ നിരൂപക പ്രശംസ ലഭിച്ചു. നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയതിനു പുറമേ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ഹാംബർഗ്, പ്രാഗ്, ടോക്കിയോ, സൂറിച്ച്, സിഡ്നി എന്നിവിടങ്ങളിൽ റായി തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടൈം, ലൈഫ്, ജിയോ, ദി ന്യൂയോർക്ക് ടൈംസ്, ദി സൺഡേ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപെൻഡന്റ്, ദി ന്യൂയോർക്കർ എന്നിവയുൾപ്പെടെ ലോകത്തിലെ പ്രമുഖ മാസികകളിലും പത്രങ്ങളിലും അദ്ദേഹത്തിന്റെ ഫോട്ടോ ഉപന്യാസങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറിയിൽ മൂന്ന് തവണയും യുനെസ്കോയുടെ അന്താരാഷ്ട്ര ഫോട്ടോ മത്സരത്തിന്റെ ജൂറിയിൽ രണ്ട് തവണയും അദ്ദേഹം സേവനമനുഷ്ഠിച്ചു. രഘു റായ് കുടുംബത്തോടൊപ്പം ഡൽഹിയിലായിരുന്നു താമസം. മാഗ്നം ഫോട്ടോസിന്റെ ലേഖകനായി തുടരുന്നതിനിടെയാണ് ഏപ്രിൽ 26ന് അദ്ദേഹം വിടപറയുന്നത്.
രാഷ്ട്രീയാധികാരം മുതൽ ദൈനംദിന ജീവിതം വരെയുള്ള നിമിഷങ്ങൾ വ്യക്തതയോടെ പകർത്തി, രാജ്യത്തെ രേഖപ്പെടുത്തുന്നതിനായി ജീവിതം മാറ്റിവെച്ച റായ് അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു. അദ്ദേഹം പകർത്തിയ അപൂർവ ചിത്രങ്ങൾ ഇവിടെ ബാക്കിയുണ്ടാകും, ഒരു ഫോട്ടോഗ്രാഫർ എങ്ങനെയാണ് ഒരു രാജ്യത്തെ മനോഹരമായി പകർത്തിവെച്ചത് എന്ന കഥ പറയാനായി.
Content Highlights:
Raghu Rai, the legendary photojournalist who helped India discover itself through his lens for over five decades, has passed away. A recipient of the Padma Shri and a member of the prestigious Magnum Photos, he documented everything from the Bhopal Gas Tragedy to the lives of world leaders and common citizens. His extensive work, spanning 18 books and numerous global exhibitions, remains an unparalleled visual record of India’s social and political evolution.







