Connect with us

Kerala

പേവിഷബാധ മരണം: വാക്സീന്റെ കാര്യക്ഷമത പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കണം

Published

|

Last Updated

പത്തനംതിട്ട | കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന വാക്സീന്റെ കാര്യക്ഷമത പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍ സി ഡി സി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സീനുകള്‍ക്കുണ്ടോ എന്നും പരിശോധിക്കണം.

പേവിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജന്‍സി ഏതാണെന്നും റിപോര്‍ട്ടില്‍ അറിയിക്കണം. ഇതിന് പുറമേ, പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്സീന്‍ എടുത്തിട്ടുണ്ടോ, വാക്സീന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവെച്ച വാക്സീന്റെ കാര്യക്ഷമത, വാക്സീനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപോര്‍ട്ടില്‍ രേഖപ്പെടുത്തണം.

ഒരു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം. സമീപകാല സംഭവങ്ങളെ കുറിച്ച് പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി എന്‍ സി ഡി സി നിര്‍ദേശിക്കുന്ന ഒരു ഏജന്‍സിയെ നിയോഗിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. ജൂണ്‍ ഒമ്പതിന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ഡെപ്യൂട്ടി ഡി എം ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

Latest