Connect with us

Organisation

ഖുര്‍ആന്‍ പാരായണ മത്സരം നാളെ മുതല്‍ ഐ എസ് സിയില്‍

ഏപ്രില്‍ 11, 12, 13, 15 തീയതികളില്‍ രാത്രി 9.30 മുതലാണ് ഓപ്പണ്‍ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുക.

Published

|

Last Updated

അബൂദബി | മതകാര്യ വകുപ്പുമായി സഹകരിച്ചു അബൂദബി ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരം നാളെ മുതല്‍ നാല് ദിവസങ്ങളിലായി ഐ എസ് സി ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരത്തിന് മുന്നോടിയായി ഇന്ന് രാത്രി ഒമ്പത് മുതല്‍ തലീം-ഇസ്ലാമിക് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

ഏപ്രില്‍ 11, 12, 13, 15 തീയതികളില്‍ രാത്രി 9.30 മുതലാണ് ഓപ്പണ്‍ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുക. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചരമ വാര്‍ഷികത്തെ അനുസ്മരിച്ചുകൊണ്ട്, സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മതകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഏഴാം വര്‍ഷവും ഐ എസ് സിയില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ഡി നടരാജനും ജനറല്‍ സെക്രട്ടറി പി സത്യബാവയും പറഞ്ഞു.

മതകാര്യ മന്ത്രാലയം അംഗീകരിച്ച ഖുര്‍ആന്‍ പണ്ഡിതന്മാരാണ് മത്സരത്തിന്റെ വിധിനിര്‍ണയിക്കുക. യു എ ഇ പൗരന്മാരെയും രാജ്യത്തെ പ്രവാസി സമൂഹത്തെയും വിശുദ്ധ ഖുര്‍ആന്‍ വായിക്കാനും മനപ്പാഠമാക്കാനും മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തില്‍ പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് മെമന്റോകളും കാഷ് പ്രൈസുകളും സമ്മാനിക്കും. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

യു എ ഇ പൗരന്മാര്‍ക്കും സാധുവായ താമസാവകാശമുള്ള മറ്റ് രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 15 ന് തറാവീഹ് നിസ്‌കാരത്തിനു ശേഷം രാത്രി 9.30 മുതല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരിപാടി ശ്രവിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മത്സരം കാണാന്‍ വരുന്നവര്‍ക്ക് സുഹുര്‍ ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. അബൂദബി ഗ്രാന്‍ഡ് മസ്ജിദിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേജ് തയ്യാറാക്കിയിട്ടുള്ളത്.

പ്രായപരിധി
1 ആദ്യത്തെ പതിനഞ്ച് ജുസ്ഹ് (25 വയസില്‍ കൂടരുത്)
2 പത്ത് ജുസ്ഹ് (20 വയസില്‍ കൂടരുത്)
3 അഞ്ച് ജുസ്ഹ് (15 വയസില്‍ കൂടരുത്)
4 ഖുര്‍ആന്‍ പാരായണവും തജ്വീദും ( എല്ലാ പ്രായക്കാര്‍ക്കും)

 

---- facebook comment plugin here -----

Latest