Connect with us

editorial

"നീറ്റ് ' പിന്നെയും പ്രതിക്കൂട്ടില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. അന്വേഷണം ഏതാനും ഇടനിലക്കാരുടെ അറസ്റ്റില്‍ ഒതുങ്ങരുത്. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ മുതല്‍ വിതരണം വരെയുള്ള പരീക്ഷാ നടത്തിപ്പിലെ മുഴുവന്‍ ശൃംഖലകളിലേക്കും അന്വേഷണം വ്യാപിക്കണം.

Published

|

Last Updated

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രമക്കേടുകള്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ്മാര്‍ക്ക് ദുരുപയോഗം, ആള്‍മാറാട്ടം, കോച്ചിംഗ് മാഫിയയുടെ ഇടപെടല്‍, ഡിജിറ്റല്‍ ചോര്‍ച്ച, ഇന്‍വിജിലേറ്റര്‍മാരുടെ ഒത്താശ, പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ച തുടങ്ങി നിരവധി ക്രമക്കേടുകളാണ് “നീറ്റു’മായി ബന്ധപ്പെട്ട് പലപ്പോഴായി പുറത്തുവന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരിക്കുകയാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇതോടെ മാസങ്ങളോളം കഠിനാധ്വാനം നടത്തി പരീക്ഷ എഴുതിയ 22 ലക്ഷത്തിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തേണ്ടി വന്നിരിക്കുകയാണ്. പരീക്ഷ വീണ്ടും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ അധ്വാനം വൃഥാവിലായതിന്റെ നിരാശയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

നീറ്റ് പരീക്ഷക്കു മുമ്പ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷാ ചോദ്യപേപ്പറില്‍ അപ്പടി വന്നതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും പരീക്ഷക്ക് നേതൃത്വം നല്‍കുന്ന എന്‍ ടി എ (നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി)യും നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കപ്പെട്ടത്. നീറ്റ് ചോദ്യപേപ്പര്‍ അച്ചടിക്കുന്ന പ്രസ്സില്‍ നിന്ന് ചോര്‍ന്നു കിട്ടിയ കോപ്പിയുടെ സഹായത്താലാണ് മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇത് രാജസ്ഥാന്‍, ഡല്‍ഹി, ബിഹാര്‍, ജമ്മു കശ്മീര്‍, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ കൈകളിലെത്തിയതായി കണ്ടെത്തിയതോടെ, അന്തര്‍സംസ്ഥാന ബന്ധമുള്ള ഒരു റാക്കറ്റാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്.

ആവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ക്ക് ആദ്യം പ്രതിക്കൂട്ടില്‍ കയറ്റേണ്ടത് എന്‍ ടി എയെയാണ്. ദശലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന രാജ്യത്തെ സുപ്രധാന പരീക്ഷയാണ് നീറ്റ്. ഇത് കാര്യക്ഷമവും സുതാര്യവുമാക്കാനാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി രൂപവത്കരിക്കപ്പെട്ടത്. അവരുടെ ജാഗ്രതക്കുറവാണ് ക്രമക്കേടുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. 2024ലെ ചോദ്യപേപ്പര്‍ വിവാദവും സുപ്രീം കോടതി ഇടപെടലും നീറ്റ് പരീക്ഷാ സംവിധാനത്തിലെ ദൗര്‍ബല്യം വെളിച്ചത്തു കൊണ്ടുവന്നതാണ്. ഇതില്‍ നിന്നൊക്കെ പാഠമുള്‍ക്കൊണ്ട് പരീക്ഷ കുറ്റമറ്റതാക്കാന്‍ എന്‍ ടി എക്ക് കഴിയേണ്ടതായിരുന്നു. എന്തുകൊണ്ടാണ് ഏജന്‍സി ഇക്കാര്യത്തില്‍ നിരന്തരം പരാജയപ്പെടുന്നത്? ഇത് രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളില്‍ സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും വിദ്യാര്‍ഥികളില്‍ ആശങ്ക വിതക്കുകയും ചെയ്യും. എന്‍ ടി എയുടെ പ്രവര്‍ത്തന ശൈലിയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ ക്രമക്കേടുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം സ്വീകരിക്കാവുന്നതല്ലേ?

അതേസമയം സാങ്കേതിക സംവിധാനം കാര്യക്ഷമമാക്കിയതു കൊണ്ട് മാത്രമായില്ല. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന സാമൂഹിക നിലപാടും മാറേണ്ടതുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം അത്യന്തം ചെലവേറിയതും അതിലെ അവസരങ്ങള്‍ കുറവായതു കൊണ്ടുമാണ് പരീക്ഷയെ കേന്ദ്രീകരിച്ച് മാഫിയകള്‍ കടന്നുവരുന്നതും കള്ള വിപണി ഉടലെടുക്കുന്നതും. സര്‍ക്കാര്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയും ചെയ്താല്‍ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം വലിയൊരളവോളം നിയന്ത്രിക്കാനാകും. ഇന്ത്യന്‍ ജനതയുടെ ആരോഗ്യപരമായ നിലനില്‍പ്പിന്റെ അടിത്തറയായ മെഡിക്കല്‍ വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി മാറരുതെന്ന ബോധം അധികാരികള്‍ക്ക് കൈവരണം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. അന്വേഷണം ഏതാനും ഇടനിലക്കാരുടെ അറസ്റ്റില്‍ ഒതുങ്ങരുത്. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ മുതല്‍ വിതരണം വരെയുള്ള പരീക്ഷാ നടത്തിപ്പിലെ മുഴുവന്‍ ശൃംഖലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. ഡിജിറ്റല്‍ സുരക്ഷ എത്രത്തോളം കാര്യക്ഷമമാണ്? കോച്ചിംഗ് ലോബികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ബന്ധമുണ്ടോ? തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഇല്ലാതാക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ സംഭവിച്ചതു പോലെ അവസാന നിമിഷം ചോദ്യപേപ്പര്‍ മാഫിയയിലെ പ്രമുഖ കണ്ണികള്‍ രക്ഷപ്പെടുന്ന അവസ്ഥ ആവര്‍ത്തിക്കാന്‍ ഇടവരരുത്.

കേന്ദ്രീകൃത ഏക പരീക്ഷാ സംവിധാനം അവസാനിപ്പിച്ച്, മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം സംസ്ഥാനങ്ങളിലെ പ്ലസ്ടു പരീക്ഷകളുടെ അടിസ്ഥാനത്തിലാക്കണമെന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുടെ നിലപാടിന് ബലമേകുന്നതാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍. ഒരു ദിവസത്തെ ഏതാനും മണിക്കൂറിലെ ഒറ്റ പരീക്ഷയിലൂടെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന രീതി സ്വാഭാവികമായും നടത്തിപ്പുകാരില്‍ അമിത ഭാരവും ആഘാതവും സൃഷ്ടിക്കും. ദശലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ സുരക്ഷയും രഹസ്യാത്മകതയും ഒരേസമയം ഉറപ്പാക്കുന്നത് പരീക്ഷാ നടത്തിപ്പുകാര്‍ക്ക് വന്‍ബാധ്യതയായി മാറുന്നു. ഇവിടെയാണ് മാഫിയകള്‍ക്ക് കടന്നുവരാന്‍ അവസരം ലഭിക്കുന്നതും വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ ഫീസ് ഈടാക്കുന്ന കോച്ചിംഗ് സെന്ററുകളുടെ വളര്‍ച്ചക്ക് വഴിയൊരുങ്ങുന്നതും. സാമ്പത്തിക ശേഷിയുള്ളവര്‍ക്കു മാത്രം കടന്നുചെല്ലാന്‍ പറ്റുന്ന ഇടമായി മാറുകയാണ് ഇതുവഴി മെഡിക്കല്‍ വിദ്യാഭ്യാസം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത പഠന രീതിയും സാമൂഹിക ഘടനയുമാണെന്നിരിക്കെ, രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് ഒരു ദേശീയ പരീക്ഷയിലൂടെ മാത്രം അളക്കുന്നത് നീതീകരിക്കത്തക്കതാണോ എന്ന ചോദ്യവും അവശേഷിക്കുന്നു.

Latest