Connect with us

National

'രാജിവെക്കില്ല, ഉണ്ടായിരിക്കുന്നത് ജനവിധിയല്ല കൃത്യമായ ഗൂഢാലോചനയുടെ ഫലം'; മമത ബാനര്‍ജി

ബി ജെ പി കേന്ദ്ര ഏജന്‍സികളെയും കേന്ദ്ര സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകള്‍ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. കമ്മീഷനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.

Published

|

Last Updated

കൊല്‍ക്കത്ത | തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന നിലപാടുമായി മമത ബാനര്‍ജി. ജനവിധിയല്ല ഉണ്ടായിരിക്കുന്നതെന്നും കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത പറഞ്ഞു.

ബി ജെ പി കേന്ദ്ര ഏജന്‍സികളെയും കേന്ദ്ര സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകള്‍ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. കമ്മീഷനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. എന്നാല്‍, അത് ഏതൊക്കെ രൂപത്തിലായിരിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും മമത വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കടുവകളെപ്പോലെ പോരാടാന്‍ കഴിഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായി തിരിച്ചുവരുമെന്നും മമത വ്യക്തമാക്കി.

രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരുടെ ഭരണകാലം താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ക്രൂരമായ ജനാധിപത്യ ലംഘനങ്ങള്‍ മുമ്പുണ്ടായിട്ടില്ല. അധികാരം ശാശ്വതമല്ല. ചരിത്രം ആവര്‍ത്തിക്കുമെന്നും അവര്‍ പ്രതികരിച്ചു. തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്. ജീവന്‍ രക്ഷിക്കാനാണ് അവര്‍ ബി ജെ പിയില്‍ ചേരുന്നത്. അതില്‍ പരാതിയില്ല. ഇപ്പോള്‍ താനൊരു സ്വതന്ത്ര പക്ഷിയാണെന്നും ഇന്ത്യ മുന്നണി നേതാക്കളുമായി ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും മമത പറഞ്ഞു.

 

Latest