Connect with us

Articles

ഖാദിരിയ്യത്തിന്റെ സ്നേഹവും കരുതലും

തണല്‍ നല്‍കിയ ഒരു വടവൃക്ഷത്തിന്റെ സ്നേഹവും കരുതലുമാണ് ഇ കെ ഹുസൈന്‍ മുസ്ലിയാരുടെ വേര്‍പാടോടെ ഇല്ലാതാകുന്നത്.

Published

|

Last Updated

കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നീണ്ട എന്റെ പൊതുപ്രവര്‍ത്തനത്തെ വലിയ തോതില്‍ സ്വാധീനിച്ചവരാണ് ഇ കെ എന്നറിയപ്പെടുന്ന പറമ്പില്‍ കടവ് എഴുത്തച്ഛന്‍കണ്ടി കുടുംബത്തിലെ പണ്ഡിതന്മാര്‍. ഇ കെ സഹോദരന്മാരുടെ കൂട്ടത്തില്‍ അബൂബക്കര്‍ മുസ്ലിയാരെയാണ് ആദ്യം കണ്ടതും പരിചയപ്പെട്ടതും. ആര്‍ മരക്കാര്‍ ഹാജിയുടെ നേതൃത്വത്തില്‍ 1951ല്‍ പൂനൂരില്‍ വെച്ച് നടന്ന വാദപ്രതിവാദ വേദിയില്‍ വെച്ചാണ് ഇ കെ അബൂബക്കര്‍ മുസ്ലിയാരെ ആദ്യമായി കാണുന്നത്. കാന്തപുരത്ത് കെ കെ അബൂബക്കര്‍ ഹസ്രത്തിന്റെയടുത്ത് ഓതുന്ന കാലത്താണ് ഞാനും ഇ കെ അബൂബക്കര്‍ മുസ്ലിയാരും ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. കൊടുവള്ളി കോരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ കോളിക്കലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ബാലുശ്ശേരി നന്മണ്ടയില്‍ നടന്ന വാദപ്രതിവാദത്തില്‍ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ പ്രസംഗം കേള്‍ക്കാന്‍ ദര്‍സിലെ വിദ്യാര്‍ഥികളെല്ലാം കൂടി നടന്നുപോയി. പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവി ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും കിതാബുകളിലെ ഉദ്ധരണികളില്‍ നിന്നും ഭാഗികമായി എടുത്തോതുമ്പോള്‍, അതേ ഭാഗങ്ങള്‍ മുഴുവനും വായിച്ച് സുന്നികളുടെ വാദം അവതരിപ്പിക്കുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ ശൈലിയോട് എനിക്ക് വലിയ ഇഷ്ടം തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞ്, പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ യോഗത്തിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഇ കെ അബൂബക്കര്‍ മുസ്ലിയാരാണ് എഴുതിയത്. അന്നദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു. ഇ കെ തന്നെയാണ് മുശാവറയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും എന്റെ പേര് നിര്‍ദേശിച്ചത്. മുശാവറയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഹൃസ്വമായൊരു പ്രസംഗം നടത്തി. ഞങ്ങള്‍ തമ്മിലുള്ള ദീര്‍ഘമായ പരിചയത്തെ അതിലദ്ദേഹം ഓര്‍മിച്ചു. എന്റെ ഉസ്താദ് കൂടിയായ കെ കെ അബൂബക്കര്‍ ഹസ്രത്തും മുശാവറയില്‍ ഉണ്ടായിരുന്നു. ഇനി കാര്യങ്ങള്‍ ഓടിനടന്നു ചെയ്യാന്‍ എ പിയും നമ്മുടെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് മുശാവറയിലേക്ക് അദ്ദേഹം എന്നെ സ്വാഗതം ചെയ്തത്. സമസ്തയുടെ സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം ഇ കെ അബൂബക്കര്‍ മുസ്ലിയാരുമായി കൂടുതല്‍ അടുത്തിടപഴകി.

1950കളുടെ തുടക്കത്തില്‍ തന്നെയാണ് ഇ കെ ഹസന്‍ മുസ്ലിയാരെ പരിചയപ്പെടുന്നതും. അന്നദ്ദേഹം മങ്ങാട് ദര്‍സിലെ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ഞങ്ങളൊരുമിച്ചാണ് എസ് വൈ എസിന്റെ നേതൃ പദവിയിലെത്തിയത്. സംഘടനയുടെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്താനുള്ള ഒട്ടേറെ പദ്ധതികള്‍ ഞങ്ങള്‍ ഒരുമിച്ചാലോചിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്റെ മൂന്നാമത്തെ മകളെ ഹസന്‍ മുസ്ലിയാരുടെ മകനാണ് നികാഹ് ചെയ്തുകൊടുത്തത്. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ആത്മബന്ധം മക്കളിലൂടെ രക്തബന്ധമായി വളര്‍ന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇ കെ അബൂബക്കര്‍ മുസ്ലിയാരും ഹസന്‍ മുസ്ലിയാരുമെങ്കില്‍ സഹോദരന്‍ ഇ കെ ഉമര്‍ ഹാജിയുടെ പ്രവര്‍ത്തന ശൈലി കുറേക്കൂടി വ്യത്യസ്തമായിരുന്നു. ദര്‍സീ രംഗത്തും ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രചാരണ രംഗത്തുമായിരുന്നു അദ്ദേഹത്തിന്റെ കൂടുതല്‍ ശ്രദ്ധ. ഞാന്‍ പരിചയപ്പെടുമ്പോള്‍ വടക്കാഞ്ചേരിക്കടുത്ത പഴുന്നാനയില്‍ മുദര്‍രിസായിരുന്നു അദ്ദേഹം. അവിടെ മുദര്‍രിസായി സേവനമനുഷ്ഠിച്ച നീണ്ടകാലത്ത് ദിക്റ് ഹല്‍ഖകള്‍ സ്ഥാപിച്ചും ഖാദിരിയ്യാ റാത്തീബ് സദസ്സുകള്‍ സംഘടിപ്പിച്ചും കേരളത്തിലും തമിഴ്‌നാട്ടിലും അദ്ദേഹം വലിയ വേരോട്ടമുണ്ടാക്കി. ആ സേവനങ്ങള്‍ തെക്കന്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ തുറസ്സുകള്‍ നല്‍കി. ആ വഴി പിന്തുടര്‍ന്നു കൊണ്ട് മക്കളായ ഇ കെ മുഹമ്മദ് ദാരിമിയും അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും ഇ കെ ഹുസൈന്‍ മുസ്ലിയാരും കേരളത്തിലെ ആത്മീയ സംസ്‌കരണ രംഗത്ത് വലിയ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എന്റെ ഭാര്യയുടെ അനുജത്തിയെയാണ് മുഹമ്മദ് ദാരിമി വിവാഹം ചെയ്തത്. എന്റെ ജ്യേഷ്ഠന്റെ മകളെ നികാഹ് ചെയ്തയച്ചതും ഈ കുടുംബത്തിലേക്കാണ്. എഴുത്തച്ഛന്‍കണ്ടി കുടുംബവുമായുള്ള എന്റെ ബന്ധത്തെ ഇതെല്ലാം കൂടുതല്‍ സുദൃഢമാക്കി. ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രത്യേക താത്പര്യമെടുത്ത് സ്ഥാപിച്ച നന്തി ദാറുസ്സലാം അറബിക് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ദാരിമി ബിരുദം നേടിയ ആദ്യത്തെ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുഹമ്മദ് ദാരിമി ആയിരുന്നു.

ഖാദിരിയ്യാ ത്വരീഖത്തിന്റെ തെളിച്ചത്തില്‍ എന്റെ ആത്മീയലോചനകളെയും അനുഷ്ഠാനങ്ങളെയും തുടക്കത്തിലേ പരിപാലിച്ചു പോന്നത് അല്ലാമാ ഇ കെ ഉമര്‍ അല്‍ ഖാദിരി ആണ്. പറമ്പില്‍ ബസാറില്‍ അദ്ദേഹം സ്ഥാപിച്ച മുസാഫര്‍ഖാനയും പള്ളിയും ഞങ്ങളുടെ അഭയകേന്ദ്രമായി. ഇ കെ അബൂബക്കര്‍ മുസ്ലിയാരും അവേലത്ത് തങ്ങളും ഞാനും ഒരുമിച്ച് അദ്ദേഹത്തെ കാണാന്‍ പോകാറുണ്ടായിരുന്നു. ഇ കെ ഉമറുല്‍ ഖാദിരി നല്‍കിയ ആത്മീയ ഉണര്‍വുകളില്‍ നിന്നാണ് 1980കളുടെ തുടക്കത്തില്‍ സമസ്തയില്‍ രൂപപ്പെട്ട പല പ്രതിസന്ധികളെയും മറികടക്കാനുള്ള ഊര്‍ജം ഞങ്ങള്‍ സംഭരിച്ചത്. കേരളത്തിലെ സുന്നി പ്രസ്ഥാനവുമായുള്ള ആ ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ എഴുത്തച്ഛന്‍കണ്ടി കുടുംബം ഒരുകാലത്തും വിട്ടുവീഴ്ച വരുത്തിയില്ല. പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ സവിശേഷമായ ഒരു സിദ്ധി അവര്‍ക്കുണ്ട്. മര്‍കസില്‍ നിന്ന് ഒരു വിളിപ്പാടകലെ എന്ന് പറയാവുന്നിടത്താണ് എഴുത്തച്ഛന്‍കണ്ടി തറവാട്. സന്തോഷത്തിലും സന്താപത്തിലും മര്‍കസിലേക്ക് ആദ്യം ഓടിയെത്തുന്നവരില്‍ എപ്പോഴും എഴുത്തച്ഛന്‍കണ്ടിക്കാരുണ്ടാകും. ഇ കെ സഹോദരന്മാരുടെ സന്താന പരമ്പരകളിലൂടെ അതിപ്പോഴും തുടരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കുറച്ചു ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഹുസൈന്‍ മുസ്ലിയാര്‍ എന്റെ തൊട്ടരികില്‍ ദീര്‍ഘനേരം വന്നിരുന്നു. ആ വരവും ഇരിപ്പും പ്രാര്‍ഥനകളുമെല്ലാം വലിയൊരു ആശ്വാസമായിരുന്നു. തണല്‍ നല്‍കിയ ഒരു വടവൃക്ഷത്തിന്റെ സ്നേഹവും കരുതലുമാണ് ഇ കെ ഹുസൈന്‍ മുസ്ലിയാരുടെ വേര്‍പാടോടെ ഇല്ലാതാകുന്നത്.

 

Latest