Connect with us

ukraine russia tensions

യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; കീവിൽ സ്ഫോടനങ്ങൾ

റഷ്യന്‍ നടപടിയില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

മോസ്‌കോ/ കീവ് | കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ സൈനിക നടപടി നടത്തുമെന്ന് പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ പ്രഖ്യാപിച്ചു. സൈനിക നടപടിക്ക് തീരുമാനം കൈക്കൊണ്ടതായി പുടിന്‍ ടി വിയില്‍ പ്രത്യക്ഷപ്പെട്ട് പ്രസ്താവിച്ചു. യുക്രൈനില്‍ നിന്നുള്ള ഭീഷണിക്കുള്ള പ്രതികരണമെന്ന നിലക്കാണ് തങ്ങളുടെ നടപടിയെന്നും പുടിന്‍ പറഞ്ഞു.

യുക്രൈനിനെ മുഴുവനായും കീഴടക്കുക റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം യുക്രൈന്‍ ഭരണകൂടത്തിനാണ്. റഷ്യന്‍ നടപടിയില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പുടിന്റെ ഉത്തരവിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രധാന വിമാനത്താവളമായ ബോറിസ്പിലില്‍ വെടിയൊച്ച കേട്ടുവെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കീവിൽ ആറോളം സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. റഷ്യൻ പ്രവിശ്യയായ ബെൽഗൊറോഡിലും സ്ഫോടനം റിപ്പോർട്ട് ചെയ്തു. പ്രകോപനമില്ലാത്തതും നീതീകരിക്കാനാകാത്തതുമാണ് യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇതിന് ഉത്തരവാദിയായി റഷ്യയെ ലോകം കാണുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുക്രൈനിനെ ആക്രമിക്കരുതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റഷ്യയോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനിടെ രണ്ടാം പ്രാവശ്യവും യു എന്‍ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. യുക്രൈന്‍ സര്‍ക്കാറും ജനതയും ആഗ്രഹിക്കുന്നത് സമാധാനമാണെന്നും പുടിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

യുക്രൈന്‍ മൂന്ന് വിമാനത്താവളങ്ങള്‍ ഇന്ന് അടച്ചിട്ടുണ്ട്. ദ്‌നിപ്രോ, ഖര്‍കീവ്, സപോറിഴ്യാ എന്നീ വിമാനത്താവളങ്ങളാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ വരെ അടച്ചത്. അതേസമയം, യുക്രൈനിന്റെ ഒരു ഭാഗത്തുകൂടെയും വിമാനങ്ങള്‍ പറത്തരുതെന്നും അതീവ അപകടരമാണെന്നും വ്യോമഗതാഗത നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതിനിടെ, യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം വ്യോമപാത റഷ്യ ഭാഗികമായി അടച്ചു. കിഴക്കന്‍ അതിര്‍ത്തിയിലെ റോസ്‌റ്റോവ് ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലെ വ്യോമപാതയാണ് അടച്ചത്. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റഷ്യ വിശദീകരിച്ചു.

യൂറോപ്പിൽ നേരം വെളുക്കുന്നതിന് മുമ്പായി റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ന് ജി7 നേതാക്കൾ യോഗം ചേരുന്നുണ്ട്. രണ്ട് ലക്ഷത്തിലേറെ റിസര്‍വ് സൈനികരോട് സജ്ജരായിരിക്കാന്‍ യുക്രൈൻ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. 18 മുതല്‍ 60 വരെ പ്രായമുള്ളവരെ റിസര്‍വ് സൈന്യത്തിന്റെ ഭാഗമാക്കും. ഇതിനുള്ള നീക്കം സൈന്യം അറിയിച്ചു. ഇന്ന് മുതല്‍ ഈ പ്രായക്കാര്‍ക്ക് സൈന്യത്തില്‍ ചേരാം. ഒരു വര്‍ഷമായിരിക്കും പരമാവധി സേവന കാലയളവ്. രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് യുക്രൈന്‍. 2014 മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ മേഖലകളിലൊഴികെയാണിത്. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. ആവശ്യമാണെങ്കില്‍ ദീര്‍ഘിപ്പിക്കും.

യുക്രൈനിൽ നിന്ന് വേർപെടാൻ പോരാട്ടം നടത്തുന്ന വിമത പ്രവിശ്യകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നീക്കം റഷ്യ ശക്തമാക്കിയത്. വിമത പ്രദേശങ്ങളായ ഡോണെടെസ്‌ക്, ലുഹാൻസ്‌ക് പ്രവിശ്യകളെയാണ് സ്വതന്ത്ര രാജ്യങ്ങളായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത്. റഷ്യക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ പുടിന് റഷ്യൻ പാർലിമെന്റ്അനുമതി നൽകിയതോടെയാണ് സൈനിക നീക്കം വേഗത്തിലായത്. യുക്രൈന് കൂടുതൽ ആയുധം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.