National
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി
ചണ്ഡീഗഢിലെ ഗുർപീത് കൗറിന്റെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും എഎപി നേതാവ് രാഘവ് ചദ്ദയും പങ്കെടുത്തു

ചണ്ഡീഗഢ് | പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. ചണ്ഡീഗഢ് സ്വദേശിയും ഡോക്ടറുമായ ഗുര്‍പ്രീത് കൗറാണ് ഭാര്യ. ചണ്ഡീഗഢിലെ ഗുർപീത് കൗറിന്റെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും എഎപി നേതാവ് രാഘവ് ചദ്ദയും പങ്കെടുത്തു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
48കാരനായ ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്. ആറ് വര്‍ഷം മുമ്പാണ് ഭഗവന്ത് മന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്. ആദ്യ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോള്‍ അമേരിക്കയിലാണ് താമസം. ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ രണ്ടു കുട്ടികളും പങ്കെടുത്തിരുന്നു.
ഗുർപ്രീത് കൗർ 2018-ലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. 3 സഹോദരിമാരിൽ ഇളയവളാണ് ഗുർപ്രീത്. ഈ വർഷം ആദ്യം നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മന്നിന്റെ പ്രചാരണ പരിപാടികളിൽ ഗുർപ്രീത് സജീവമായിരുന്നു. കുരുക്ഷേത്രയിലെ പെഹ്‌വ പ്രദേശത്താണ് ഗുർപ്രീത് കൗറിന്റെ കുടുംബം താമസിക്കുന്നത്. പിതാവ് ഇന്ദർജിത് സിംഗ് കർഷകനാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്.