Kerala
പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ്
നിര്‍മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം | സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഐ ഐ ടി, എന്‍ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും പ്രത്യേക സമിതി രൂപവത്കരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയര്‍മാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.
നിര്‍മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവില്‍ പി ഡബ്ല്യൂ ഡി മാന്വലില്‍ നിഷ്കര്‍ഷിച്ച കാര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിയിടങ്ങളില്‍ കൂടുതലായി എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കണമെന്ന കാര്യങ്ങളും പരിശോധിക്കണം. സമിതി സമയബന്ധിതമായി റിപോര്‍ട്ട് നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാലം നിര്‍മാണ പ്രവൃത്തികളില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി കാരണമാകുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാൻ മന്ത്രി നിര്‍ദേശിച്ചത്.