National
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മുംബൈയില്‍ തെരുവിലിറങ്ങി താക്കറെ സഹോരദരങ്ങൾ
തെക്കന്‍ മുംബൈയിലെ മെട്രോ സിനിമാ പരിസരത്ത് നിന്ന് ആരംഭിച്ച് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്കുള്ള 'വിരാട് ഗര്‍ജന മോര്‍ച്ച റാലി'യില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു
മുംബൈ | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്ത് മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ തെരുവിലിറങ്ങി ശിവ സേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയും. തെക്കന്‍ മുംബൈയിലെ മെട്രോ സിനിമാ പരിസരത്ത് നിന്ന് ആരംഭിച്ച് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്കുള്ള ‘വിരാട് ഗര്‍ജന മോര്‍ച്ച റാലി’യില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗ്യാനേഷ് കുമാറിനെതിരായ ‘ജയില്‍ ഭരോ ആന്ദോളന്‍’ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മുംബൈയില്‍ ‘വിരാട് ഗര്‍ജന മോര്‍ച്ച റാലി’ നടക്കുന്നത്. മഹാരാഷ്ട്രയിലെ എസ് ഐ ആര്‍ നടപടികള്‍ റദ്ദാക്കണമെന്നും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും രാജ് താക്കര്‍ ആവശ്യപ്പെട്ടു.
”അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ മാത്രമേ എസ് ഐ ആര്‍ നടത്താവൂ എന്നാണ് നിയമം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് 40 മുതല്‍ 60 ലക്ഷം വരെ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി അധികാരം പിടിച്ചെടുക്കുകയും രണ്ട് കോടി ആളുകളെ പട്ടികയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആരാണ് ഈ രണ്ട് കോടി വോട്ടര്‍മാര്‍?” – അദ്ദേഹം ചോദിച്ചു.
എസ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഡല്‍ഹിയിലേക്ക് പോകാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുകയും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലും തമിഴ്നാട്ടിലും വോട്ടര്‍മാരെ ഒഴിവാക്കിയതടക്കം രാജ്യത്തുടനീളം 13 കോടി ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടന്ന് ഉദ്ധവ് താക്കര്‍ പറഞ്ഞു.



