ആരോഗ്യം
പ്രോട്ടീൻ: ശരീര സൗന്ദര്യത്തിനല്ല, സംരക്ഷണത്തിന്
ഓരോ പ്രധാന ഭക്ഷണത്തിലും ഒരു വ്യക്തമായ പ്രോട്ടീൻ ഉറവിടം ഉണ്ടായാൽ മതി. കുട്ടികൾ, ഗർഭിണികൾ, രോഗം സുഖപ്പെട്ടു വരുന്നവർ, വയോധികർ... ഇവർക്കെല്ലാം പ്രോട്ടീൻ ആവശ്യം കൂടുതലാണ്; അതിനെ ഒഴിവാക്കരുത്. ചില പ്രത്യേക രോഗാവസ്ഥകളിൽ, ആവശ്യങ്ങളിൽ മാത്രം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം മാത്രം പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുക.
വയറു നിറയുന്നത് ആരോഗ്യത്തിന്റെ അടയാളമല്ല; ശരീരത്തിന് വേണ്ടത് പോഷക സമ്പുഷ്ടമായ ആഹാരമാണ്. പ്രോട്ടീൻ എന്ന് പറയുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് ജിം, പേശി അഥവാ മസിൽ വളർച്ച, പ്രോട്ടീൻ ഷേക്ക് എന്നിവയാണ്.
പ്രോട്ടീൻ ഒരു ഫിറ്റ്‌നസ് ട്രെൻഡല്ല മറിച്ച് ശരീരത്തിന്റെ സംരക്ഷണ കവചമാണ്
രോഗപ്രതിരോധശേഷി, രോഗമുക്തി, ശാരീരിക ക്ഷമത, സുസ്ഥിര ആരോഗ്യം എന്നിവക്കുള്ള ഒരു അടിസ്ഥാന പോഷകമാണ് പ്രോട്ടീൻ. കുട്ടികളിൽ ശരിയായ വളർച്ചക്കും മുതിർന്നവരിൽ
രോഗപ്രതിരോധ ശേഷിക്കും വയോധികരിൽ പേശി ബലത്തിനും പ്രോട്ടീൻ അനിവാര്യമാണ്. ശരീരത്തിലെ കോശനിർമാണത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഹോർമോണുകൾ, എൻസൈമുകൾ, ആന്റിബോഡികൾ എന്നിവയുടെ നിർമാണത്തിനും പ്രോട്ടീൻ സുപ്രധാന പങ്കുവഹിക്കുന്നു.
അടിക്കടിയുള്ള രോഗങ്ങൾ, തുടർച്ചായ ക്ഷീണം, മുടികൊഴിച്ചിൽ, മുറിവുകൾ ഉണങ്ങാൻ കാലതാമസം , അതുപോലെ കുട്ടികളിൽ തൂക്കക്കുറവും ഉയരക്കുറവും- ഇതെല്ലാം തന്നെ പലപ്പോഴും പ്രോട്ടീൻ ശരീരത്തിൽ കുറവായതിന്റെ സൂചനകളാകാം. “നമ്മൾ പലരും നന്നായി കഴിക്കുന്നുണ്ടല്ലോ എന്ന് കരുതുന്നു. പക്ഷേ, അത് ശരിയാകണം എന്നില്ല.’ ഇന്ത്യയിലെ ഭക്ഷണരീതികളിൽ വ്യാപകമായി കാണുന്ന ഒരു പോഷകാഹാര പ്രശ്‌നമാണ് ഭക്ഷണത്തിലെ പ്രോട്ടീനിന്റെ കുറവ്.
ചോറ്, ചപ്പാത്തി, മില്ലറ്റുകൾ തുടങ്ങിയവക്ക് അമിത പ്രാധാന്യം നൽകുകയും എന്നാൽ പയർ – പരിപ്പ് വർഗങ്ങൾ, പാൽ പാലുത്പന്നങ്ങൾ, മുട്ട, മത്സ്യം, മാംസം എന്നിവയെ പാടേ അവഗണിക്കപ്പെടുകയും ചെയ്യുന്നത്. ഈ ഭക്ഷണരീതി വയറു നിറക്കും, എന്നാൽ ശരീരത്തെ ശക്തിയുള്ളതാക്കില്ല. കുട്ടികളിലും സ്ത്രീകളിലും വയോധികരിലും ഇതിന്റെ പ്രത്യാഘാതം കൂടുതലായി കാണപ്പെടുന്നു.
“വണ്ണം കുറയുന്നത് ആരോഗ്യകരമാകണമെന്നില്ല; മറിച്ച് പേശി/ മസിൽ കുറയുന്നത് അപകടകരമാണ്.’ പ്രോട്ടീൻ മസിലുകളുടെ സൗന്ദര്യത്തിനല്ല, എന്നാൽ ശരീരത്തിന്റെ പ്രവർത്തനക്ഷമതയ്ക്കാണ്. പ്രായാധിക്യം, തുടർച്ചയായുള്ള അസുഖങ്ങൾ എന്നിവമൂലം “സാർക്കോപീനിയ’ (sarcopenia) അഥവാ മസിൽ ശോഷണം ഉണ്ടാക്കുന്നു. ഇത് ശാരീരിക ദുർബലതക്കും വീഴ്ചകൾക്കും വഴിയൊരുക്കുന്നു. ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, ഒരേസമയം കൂടുതൽ അളവ് പ്രോട്ടീൻ കഴിക്കുന്നതിനേക്കാൾ, ചെറിയ അളവുകളായി പലപ്പോഴായി ഉൾപ്പെടുത്തുമ്പോഴാണ് ശരീരത്തിന് മികച്ച ഗുണം ലഭിക്കുന്നത് എന്നാണ്.
എല്ലാ പ്രോട്ടീനും ഒരുപോലെയല്ല – വൈവിധ്യം വളരെ അത്യാവശ്യമാണ്
വ്യത്യസ്തമായ പ്രോട്ടീൻ ഉറവിടങ്ങൾ ശരീരത്തിന് നൽകുന്നത് വ്യത്യസ്തമായ അമിനോ ആസിഡുകളാണ്. അമിനോ ആസിഡുകളാൽ നിർമിതമാണ് പ്രോട്ടീനുകൾ. പാൽ, തൈര്, മുട്ട, മീൻ തുടങ്ങിയ മൃഗജന്യ (ജന്തുജന്യ ) പ്രോട്ടീനുകൾ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും നൽകുന്നവയാണ്. അതേസമയം, പയർ വർഗങ്ങൾ, കടല, സോയ ഉത്പന്നങ്ങൾ, നട്‌സ്, വിത്തുകൾ എന്നിങ്ങനെയുള്ള സസ്യജന്യ പ്രോട്ടീൻ ആരോഗ്യത്തിന് ഗുണകരമായെങ്കിലും ഇവയിൽ ചില അമിനോ ആസിഡുകളുടെ കുറവുണ്ടായിരിക്കും. അതുകൊണ്ടുതന്നെ, ഒരൊറ്റ ഭക്ഷണത്തിൽ നിന്നും എല്ലാം ലഭിക്കണം എന്നില്ല; ദിവസം മുഴുവൻ വ്യത്യസ്തമായ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തുന്നതാണ് പരിഹാര മാർഗം.
പയർ വർഗങ്ങളും ധാന്യങ്ങളും ചേർത്ത് കഴിക്കുക, പാൽ-തൈര് പോലുള്ള പാലുത്പന്നങ്ങൾ ഉൾപ്പെടുത്തുക, മുട്ടയോ, മീനോ ലഭ്യമാണെങ്കിൽ അവയും ചേർക്കുക – ഇങ്ങനെ ഭക്ഷണത്തിൽ വൈവിധ്യം കൊണ്ടുവരുമ്പോൾ പ്രോട്ടീനിന്റെ ഗുണമേന്മ കൂടുകയും ശരീരത്തിൽ പ്രോട്ടീൻ ലഭ്യത മെച്ചപ്പെടുകയും ചെയ്യുന്നു.
“സപ്ലിമെന്റുകൾ വേണ്ട, സ്ഥിരത മതി.’
എല്ലാവർക്കും പ്രോട്ടീൻ പൗഡർ ആവശ്യമില്ല. ഭക്ഷണത്തിൽ സ്ഥിരമായി പ്രോട്ടീൻ ഉൾപ്പെടുത്തുക – അത്ര മാത്രം.
ഓരോ പ്രധാന ഭക്ഷണത്തിലും ഒരു വ്യക്തമായ പ്രോട്ടീൻ ഉറവിടം ഉണ്ടായാൽ മതി. കുട്ടികൾ, ഗർഭിണികൾ, രോഗം സുഖപ്പെട്ടു വരുന്നവർ, വയോധികർ – ഇവർക്കെല്ലാം പ്രോട്ടീൻ ആവശ്യം കൂടുതലാണ്, അതിനെ ഒഴിവാക്കരുത്. ചില പ്രത്യേക രോഗാവസ്ഥകളിൽ, ആവശ്യങ്ങളിൽ മാത്രം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം മാത്രം പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുക. “ഈ ലോക പ്രോട്ടീൻ ദിനത്തിൽ ഒരു കാര്യം ഓർക്കാം:
പ്രോട്ടീൻ ശരീരസൗന്ദര്യത്തിനല്ല മറിച്ച് ശരീരസംരക്ഷണത്തിനാണ്.’




