National
ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കാന്‍ നിര്‍ദേശം; കടുത്ത നടപടിയുമായി ഹരിയാന പോലീസ്
സമരത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹരിയാന പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
 
		
      																					
              
              
            ന്യൂഡല്‍ഹി|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുകയാണ്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹരിയാന പോലീസ് രംഗത്തെത്തി. ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹരിയാന പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ പഞ്ചാബിലെ കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരി, ശംഭു എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ അടുത്തഘട്ടം കര്‍ഷക നേതാക്കള്‍ ഇന്നു പ്രഖ്യാപിക്കും. സമരത്തിനിടെ വെടിയേറ്റ് മരിച്ച യുവ കര്‍ഷകന്റെ മൃതദേഹം എട്ടാം ദിവസം പിന്നിടുമ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.
കര്‍ഷക സമരത്തിന് നേരെ ഹരിയാന പോലീസിന്റെ വെടിവെപ്പില്‍ മരിച്ച ശുഭ്കരന്‍ സിംഗിന്റെ മൃതദേഹം സംസ്‌കരിക്കാനോ പോസ്റ്റ്മോര്‍ട്ടം നടത്താനോ അനുവദിക്കാതെ പ്രതിഷേധം കടുപ്പിക്കുകയാണു കര്‍ഷകര്‍. യുവ കര്‍ഷകന്റെ ഘാതകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് പോലീസ് തയാറാകുന്നില്ല എന്നാണ് കുടുംബത്തിന്റെയും കര്‍ഷക സംഘടനകളുടെയും ആരോപണം.
ശുഭ്കരന്‍ സിംഗിന്റെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ സമയം ഇന്ന് തീരുകയാണ്. ഡല്‍ഹി ചലോ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ച കര്‍ഷകര്‍ മാര്‍ച്ച് വീണ്ടും എപ്പോള്‍ തുടങ്ങുമെന്ന് ഇന്ന് തീരുമാനിക്കും.അടുത്ത മാസം ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മഹാപഞ്ചായത്തിന്റെ ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം വിലയിരുത്തും. സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

