Ongoing News
പ്രവാചകന്റെ പ്രവചനങ്ങള്‍ മാധുര്യമുള്ളതും എന്നും നിലനില്‍ക്കുന്നതും: ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവനില്‍ കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ് സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി.

അടൂര്‍ | പ്രവാചകന്റെ പ്രവചനങ്ങള്‍ മാധുര്യമുള്ളതാണെന്നും അത് എന്നും നിലനില്‍ക്കുന്നതാണെന്നും ശബരിമല നിലക്കല്‍ മുന്‍ മേല്‍ശാന്തി താന്ത്രിക ആചാര്യന്‍ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ഇടയാണത്തില്ലം പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവനില്‍ കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ് സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1498 വര്‍ഷങ്ങളായി അത് നാം അനുഭവിക്കുകയാണ്. അത്രയും വര്‍ഷം നമുക്ക് ലഭിച്ച അറിവാകുന്ന ആ ഗുണം, ബോധ്യമാകുന്ന തലത്തിലൂടെ തിരിച്ചറിവോടുകൂടി ഉപയോഗിക്കുവാന്‍ നമുക്ക് സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മതവും അവരവരുടേതായി വ്യക്തമാക്കിയിരിക്കുന്ന അഭിപ്രായങ്ങള്‍ പറയുകയും ആ അഭിപ്രായങ്ങള്‍ ഒരു വേദിയില്‍ വെച്ച് ഒരുപോലെ ആകുവാനായി ഇതുപോലുള്ള സംഗമങ്ങള്‍ക്ക് കഴിയുകയെന്നതും നബിദിന സംഗമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റവ. ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, അഷ്റഫ് ഹാജി അലങ്കാര്‍, മുഹമ്മദ് ഷിയാഖ് ജൗഹരി, സുധീര്‍ വഴിമുക്ക്, സലാഹുദ്ദീന്‍ മദനി പ്രസംഗിച്ചു. സൗഹൃദ സ്‌നേഹം പങ്കുവെച്ച് പരസ്പരം മധുരം നല്‍കിയാണ് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ചത്.