Connect with us

Ongoing News

30 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ഒളിവില്‍ പോയ ബിനുരാജിനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

പത്തനംതിട്ട | കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടില്‍ കച്ചവടത്തിന് സൂക്ഷിച്ച നിലയില്‍ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഡാന്‍സാഫ് സംഘത്തിന്റെയും ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ്  സീതത്തോട് കോട്ടമണ്‍പാറ കിഴക്കേ പതാലില്‍ ബിനുരാജ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നും ഇവ കണ്ടെടുത്തത്. വിവിധ ഇനങ്ങളില്‍ പ്പെട്ട 37,000 ലധികം  പുകയില ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ സ്ഥലം സന്ദര്‍ശിച്ചു.

ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറും നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു, ഇവര്‍ ദമ്പതികളാണ്. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവര്‍ ബിനുരാജിന്റെ അടുത്ത ബന്ധുക്കളാണ്. ഇവര്‍ കോഴഞ്ചേരി കോഴിപ്പാലത്തിനടുത്ത് വാടകയ്ക്ക് എടുത്ത കടയുടെ മറവിലാണ്  പുകയില ഉല്‍പ്പന്നങ്ങള്‍ ബിനുരാജ് വിറ്റഴിച്ചുകൊണ്ടിരുന്നത്. ഒളിവില്‍ പോയ ബിനുരാജിനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍  ഒരു ലക്ഷത്തിലധികം രൂപയും പോലീസ് കണ്ടെടുത്തു.

ഈ വീടിന് സമീപം വേറെ രണ്ട് വീടുകള്‍ കൂടി ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ജില്ലയില്‍ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡ് ആണ് കോഴഞ്ചേരിയില്‍ നടന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്  പോലീസ് നടപടി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ചില്ലറ കച്ചവടത്തിന് സൂക്ഷിച്ചിരുന്നതാണ് ഇവ. ലഹരിവസ്തുക്കളുടെ ചില്ലറ വില്പനക്കായി ഉപയോഗിച്ചിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.  ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജ്, ഡാന്‍സാഫ് സംഘത്തിലെ എസ്  ഐ അജി സാമൂവല്‍, സി പി ഓമാരായ മിഥുന്‍ ജോസ്, ശ്രീരാജ്, അഖില്‍, ബിനു, സുജിത് എന്നിവരും ആറന്മുള എസ് ഐ അനിരുദ്ധന്‍, എ എസ് ഐ വിനോദ്, എസ് സി പി ഓ സുജ, സി പി ഓ രാകേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.