Connect with us

Kerala

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി: സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലേക്ക്

ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസ് ഉടമകളുടെയും കുടുംബാംഗങ്ങളുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും. നവംബര്‍ മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും.

Published

|

Last Updated

തൃശൂര്‍ | വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില്‍ വരുമാനം ലഭിക്കാതെ പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാണ് ഫെഡറേഷന്റെ പ്രധാന ആവശ്യം.

സമരത്തിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. നവംബര്‍ മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രിയദര്‍ശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനം ലഭിക്കുന്നതിന് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ടൈമിങ് കോണ്‍ഫറന്‍സുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം നടത്തണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയവയാണ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

സമരത്തിന്റെ രണ്ടാം ഘട്ടമായി ഈ മാസം അവസാനത്തെ ആഴ്ചയില്‍ സംഘടനാ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ നിരാഹാര സമരം നടത്തും. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സംയുക്ത സമിതിയിലെ സംഘടനകളുമായി കൂടിയാലോചിച്ച് നവംബര്‍ ആദ്യവാരം സര്‍വീസ് നിര്‍ത്തിവെച്ച് കൊണ്ടുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ്, ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ട്രഷറര്‍ എം എസ് പ്രേംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Content Highlights:
The Private Bus Operators Federation has decided to launch protests against the Priyadarsini free travel scheme in Kerala. Operators demand government intervention and financial protection to sustain the private transport sector amidst rising losses. They warn that uncompensated free travel schemes will push the industry into severe financial distress.

 

Latest