Connect with us

National

രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

21-ാം നൂറ്റാണ്ടിലെ അതിവേഗം വികസിക്കുന്ന ഇന്ത്യക്ക് ഇന്നു സവിശേഷദിനമാണെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും.

2047-ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നന്ദി പറഞ്ഞു. “ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാൻ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേഗം പിന്തുടരാൻ സ്വീകരിച്ച നടപടികൾ നമ്മുടെ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മൂന്നു പ്രധാന ടെലികോം ഓപ്പറേറ്റർമാർ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിക്കു മുന്നിൽ വിവിധ ഉപയോഗങ്ങളെക്കുറിച്ചു പ്രദർശനം നടത്തി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ മൂന്നു വ്യത്യസ്തസ്ഥലങ്ങളിലെ വിദ്യാർഥികളുമായി മുംബൈയിലെ സ്കൂളിലെ അധ്യാപകനെ റിലയൻസ് ജിയോ ബന്ധിപ്പിച്ചു. അധ്യാപകരെ വിദ്യാർഥികളിലേക്ക് അടുപ്പിക്കുകയും അവർ തമ്മിലുള്ള ശാരീരിക അകലം ഒഴിവാക്കുകയും ചെയ്തുകൊണ്ട് 5ജി, വിദ്യാഭ്യാസം എങ്ങനെ സുഗമമാക്കുമെന്ന് ഇതു തെളിയിച്ചു. സ്ക്രീനിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ (എആർ) ശക്തിയും, എആർ ഉപകരണത്തിന്റെ ആവശ്യമില്ലാതെ രാജ്യത്തുടനീളമുള്ള കുട്ടികളെ അകലെനിന്നു പഠിപ്പിക്കുന്നതെങ്ങനെയെന്നും ഇതു കാട്ടിത്തന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള ജ്ഞാനജ്യോതി സാവിത്രിഭായ് ഫൂലെ സ്കൂളിലെ വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ റോപ്ദ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ചടങ്ങുമായി ബന്ധപ്പെട്ടു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സാന്നിധ്യത്തിൽ ഒഡിഷയിലെ മ്യുർഭഞ്ജിലുള്ള എസ്എൽഎസ് മെമോറിയൽ സ്കൂളിലെ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംവദിച്ചു.

മുംബൈ ബികെസി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ അഭിമന്യു ബസുവും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയോടുള്ള വിദ്യാർഥികളുടെ അഭിനിവേശത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഴുത്തുകാരൻ അമീഷ് ത്രിപാഠി സെഗ്മെന്റ് അവതരിപ്പിച്ചു.

വോഡഫോൺ ഐഡിയ, ഡൽഹി മെട്രോയുടെ നിർമാണത്തിലിരിക്കുന്ന ടണലിലെ തൊഴിലാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണു കാട്ടിത്തന്നത്. ഡയസിൽ തുരങ്കത്തിന്റെ ഡിജിറ്റൽ പതിപ്പു (ഡിജിറ്റൽ ട്വിൻ) സൃഷ്ടിച്ചു. വിദൂരസ്ഥലത്തുനിന്നു തത്സമയം തൊഴിലാളികൾക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ ഡിജിറ്റൽ ട്വിൻ സഹായിക്കും. വിആർ, നിർമിതബുദ്ധി എന്നിവ ഉപയോഗിച്ചു ജോലി തത്സമയം നിരീക്ഷിക്കാൻ പ്രധാനമന്ത്രി ഡയസിൽനിന്നു തത്സമയ ഡെമോ സ്വീകരിച്ചു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേനയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ ഡൽഹി മെട്രോ ടണൽ ദ്വാരകയിലെ തൊഴിലാളിയായ റിങ്കു കുമാറുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ആവശ്യമായ ഉപയോക്തൃ അനുഭവത്തെക്കുറിച്ചും ഇതു മനസിലാക്കുന്നതിലുള്ള പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. സുരക്ഷയിലുള്ള തൊഴിലാളികളുടെ ആത്മവിശ്വാസമാണു പുതിയ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾക്ക് അദ്ദേഹം ഇന്ത്യയിലെ തൊഴിലാളികളെ അഭിനന്ദിച്ചു.

എയർടെൽ ഡെമോയിൽ, ഉത്തർപ്രദേശിലെ ഡങ്കൗറിൽ നിന്നുള്ള വിദ്യാർഥികൾ വെർച്വൽ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെക്കുറിച്ചു പഠിക്കാനുള്ള ഊർജസ്വലവും ആഴത്തിലുള്ളതുമായ വിദ്യാഭ്യാസ അനുഭവത്തിനു സാക്ഷ്യംവഹിച്ചു. ഖുഷി എന്ന വിദ്യാർഥിനി ഹോളോഗ്രാമിലൂടെ ഡയസിൽ പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രിയുമായി തന്റെ പഠനാനുഭവം പങ്കുവച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽനിന്ന് ചടങ്ങിൽ പങ്കെടുത്തു. ആശയങ്ങൾ സമഗ്രമായി മനസിലാക്കാൻ വിആർ വിദ്യാഭ്യാസപരിചയം അവരെ സഹായിച്ചോയെന്നു പ്രധാനമന്ത്രി ആരാഞ്ഞു. ഈ അനുഭവത്തിനുശേഷം പുതിയ കാര്യങ്ങൾ പഠിക്കാൻ താൻ കൂടുതൽ താൽപ്പര്യം കാണിക്കുന്നതായി വി‌ദ്യാർഥിനി പറഞ്ഞു.

ഇന്നത്തെ ഉച്ചകോടി ആഗോളതലത്തിലായിരിക്കാമെന്നും എന്നാൽ അതിന്റെ അനന്തരഫലങ്ങളും ദിശാസൂചനകളും പ്രാദേശികതലത്തിലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ അതിവേഗം വികസിക്കുന്ന ഇന്ത്യക്ക് ഇന്നു സവിശേഷദിനമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ന്, 130 കോടി ഇന്ത്യക്കാർക്കു രാജ്യത്തുനിന്നും രാജ്യത്തെ ടെലികോം വ്യവസായത്തിൽനിന്നും 5ജിയുടെ രൂപത്തിൽ അത്ഭുതകരമായ സമ്മാനം ലഭിച്ചിരിക്കുന്നു. രാജ്യത്തു പുതുയുഗത്തിന്റെ വാതിലുകൾ തുറക്കുകയാണ് 5ജി. “5ജി അവസരങ്ങളുടെ അതിരില്ലാത്ത ആകാശത്തിന്റെ തുടക്കമാണ്. ഇതിന് ഓരോ ഇന്ത്യക്കാരെയും ഞാൻ അഭിനന്ദിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു. 5ജിയുടെ തുടക്കംകുറിക്കലിലും സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലും ഗ്രാമപ്രദേശങ്ങളും തൊഴിലാളികളും തുല്യ പങ്കാളികളാണെന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

പുതിയ ഇന്ത്യ കേവലം സാങ്കേതികവിദ്യയുടെ ഉപഭോക്താവായിമാത്രം തുടരില്ല. ആ സാങ്കേതികവിദ്യയുടെ വികസനത്തിലും നടപ്പാക്കലിലും ഇന്ത്യ സജീവമായ പങ്കുവഹിക്കുകകൂടി ചെയ്യും. ഭാവിയിലെ വയർലെസ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുന്നതിലും അതുമായി ബന്ധപ്പെട്ട നിർമാണത്തിലും ഇന്ത്യ വലിയ പങ്കുവഹിക്കും.” 2ജി, 3ജി, 4ജി സാങ്കേതികവിദ്യകൾക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തു ഡാറ്റയുടെ വില ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ജിബിക്ക് 300 രൂപയിൽനിന്ന് 10 രൂപയായി കുറഞ്ഞു. ഗവൺമെന്റിന്റെ ഉപഭോക്തൃ കേന്ദ്രീകൃത ശ്രമങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ ഡാറ്റയുടെ വില വളരെ കുറഞ്ഞ നിലയിൽ തുടരുകയാണെന്നു പറഞ്ഞു.

കേന്ദ്ര വാർത്താവിനിമയമന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിങ് ചൗഹാൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ടെലികമ്യൂണിക്കേഷൻ സെക്രട്ടറി കെ രാജരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.