National
ഗോ ബാക്ക് വിളികള്‍ക്കിടെ പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍
മഹാത്മാ ഗാന്ധിയുടെ തമിഴ്‌നാട്ടിലെ യാത്രകള്‍ എന്ന പുസ്തകം നല്‍കിയാണ് സ്റ്റാലിന്‍ മോദിയെ സ്വീകരിച്ചത്.
ചെന്നൈ | കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍. ദക്ഷിണേന്ത്യന്‍ പര്യടനത്തിനിറങ്ങിയ മോദി തെലങ്കാനയില്‍ നിന്നുമാണ് തമിഴ്‌നാട്ടില്‍ എത്തിയിരിക്കുന്നത്. വൈകിട്ട് മൂന്നിന് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് സ്വീകരിച്ചു. എ രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്‌നാട്ടിലെ യാത്രകള്‍ എന്ന പുസ്തകം നല്‍കിയാണ് സ്റ്റാലിന്‍ മോദിയെ സ്വീകരിച്ചത്.
ഒന്നാം ഘട്ടം പൂര്‍ത്തിയായ, 1260 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിനുള്ള വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്റെ 125 ആം വാര്‍ഷികാഘോഷ പരിപാടിയിലും മോദി പങ്കെടുത്തു.
അതേസമയം കോണ്‍ഗ്രസിന്റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധവും നടന്നു. വള്ളുവര്‍ കോട്ടത്ത് കോണ്‍ഗ്രസിന്റേയും ടി നഗറില്‍ മെയ് 17 ഇയക്കം, ദ്രാവിഡര്‍ കഴകം അടക്കം സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കറുത്ത ഹൈഡ്രജന്‍ ബലൂണുകളില്‍ മോദി ഗോ ബാക്ക് എന്നെഴുതി ആകാശത്തേക്ക് പറത്തിയും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു.







