Connect with us

wynad disaster

ദുരന്തഭൂമി നടന്നുകണ്ട് പ്രധാനമന്ത്രി; വിവരങ്ങൾ ചോദിച്ചറിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പൊട്ടല്‍ ദുരന്തം തുടച്ചു നീക്കിയ ചൂരല്‍ മലയിലെത്തി. വ്യോമ നിരീക്ഷണത്തിലൂടെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ അദ്ദേഹം അതിന് ശേഷം കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ദുരന്ത ഭൂമിയിലേക്കു എത്തിയത്.

ദുരന്തത്തിൽ തകര്‍ന്ന ചൂരല്‍മല വെള്ളാര്‍മല ജി വി എച്ച എസ് എസ് സ്‌കൂളിനു മുന്നിലെത്തിയ പ്രധാനമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവിടെ മരിച്ച കുട്ടികളെ കുറിച്ചും ജീവിച്ചിരിക്കുന്നവരുടെ തുടര്‍ പഠനത്തെ കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. 15 മിനുട്ടില്‍ അധികം അദ്ദേഹം ഇവിടെ ചെലവഴിച്ചു. ദുരന്ത ഭൂമി നടന്നു കണ്ട പ്രധാനമന്ത്രി ബെയ്‌ലി പാലത്തിനടുത്തെത്തി  സൈനികരുമായും സംസാരിച്ചു.

ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. സൈനികര്‍ അദ്ദേഹത്തിന് ദുരന്തത്തിന്റെ ആഘാതം സംബന്ധിച്ച് വിവരിച്ചു നൽകി. ദുരന്തഭൂമിയുടെ മുന്‍കാല ഭൂപടവും ദുരന്തശേഷമുള്ള ഭൂപടവും പ്രധാനമന്ത്രിയെ കാണിച്ച് അവർ സാഹചര്യം വിശദീകരിച്ചു.

ഇന്ന് രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നിന്ന് വ്യേമമാർഗമാണ് കൽപ്പറ്റയിലേക്ക് തിരിച്ചത്. ഈ യാത്രക്കിടെ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ അദ്ദേഹം ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കല്‍പറ്റയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. തുടര്‍ന്ന് 12.25ഓടെയാണ് റോഡ് മാര്‍ഗം കല്‍പ്പറ്റയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പ്രധാനമന്ത്രി ചൂരല്‍മലയിലെത്തിയത്.

വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി വയനാട്ടില്‍ തുടരും. ദുരന്ത ഭൂമിയില്‍ നിന്നു തിരിച്ച പ്രധാനമന്ത്രി ക്യാംപില്‍ കഴിയുന്നവരെ നേരില്‍ കണ്ട് സംസാരിക്കും. തുടര്‍ന്നു കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കും. ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വീഡിയോ പ്രധാനമന്ത്രി കാണും.

---- facebook comment plugin here -----

Latest