Connect with us

praveen rana

പ്രവീൺ റാണ റിക്രൂട്ട്മെൻ്റ് തട്ടിപ്പും നടത്തി; കോടികൾ അടിച്ചെടുത്തു

റിക്രൂട്ട്മെൻ്റിന് വിരമിച്ച ചില പോലീസ് ഉദ്യോഗസ്ഥരും റാണയെ സഹായിച്ചിരുന്നു.

Published

|

Last Updated

തൃശൂർ | തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ റിക്രൂട്ട്മെൻ്റ് തട്ടിപ്പും നടത്തി. ഇതിലൂടെയും കോടികൾ ഇയാൾ സമ്പാദിച്ചു. വൻകിട സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് സേഫ് ആൻഡ് സ്ട്രോംഗ് സ്ഥാപനങ്ങളിൽ നിയമിക്കും. തുടർന്ന് ഇവരിൽ നിന്ന് സ്ഥാപനത്തിലേക്ക് നിക്ഷേപമായി പണം വാങ്ങും. ശേഷം ഇവരുടെ ബന്ധുക്കളിൽ നിന്നും നിക്ഷേപമായി പണം വാങ്ങും. ഇത്തരത്തിൽ ആറ് മാസത്തിനിടെ 40 സി ഇ ഒമാരെയും 80 മാർക്കറ്റിംഗ് മാനേജർമാരെയുമാണ് ഇയാൾ നിയമിച്ചത്. റിക്രൂട്ട്മെൻ്റിന് വിരമിച്ച ചില പോലീസ് ഉദ്യോഗസ്ഥരും റാണയെ സഹായിച്ചിരുന്നു.

റിസോർട്ട് വാടകക്കെടുത്ത് തൻ്റെ സ്വന്തമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. തൃശൂർ അരിമ്പൂരിലാണ് സൂര്യ റിസോർട്ട് റാണ വാടകക്കെടുത്തത്. ഇത് പിന്നീട് റാണാസ് റിസോർട്ട് എന്ന പേരിലാക്കി. പബും ബാറും റിസോർട്ടുകളും ഹോട്ടലുകളുമുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിനായിരുന്നു ഇത്. ഈ റിസോർട്ടിനും വാടക നൽകാതെ കബളിപ്പിച്ചു. റിസോർട്ടിന് മുന്നിലേക്ക് ഇന്ന് രാവിലെ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും പൂട്ടിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഉയർന്ന പലിശ നൽകിയെങ്കിലും പിന്നീട് ഇത് നിലച്ചു. നിക്ഷേപത്തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് എത്തിയവർക്ക് ഇത് ലഭിക്കാതെ വന്നതോടെയാണ് പരാതി വ്യാപകമായത്. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 20 ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങുകയായിരുന്നു. നാല് വർഷം കൊണ്ട് നൂറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അതിശയിക്കുന്ന വേഗത്തിൽ വളർന്ന തട്ടിപ്പുകാരനാണ് പ്രവീൺ റാണ. തൃശൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ നിന്ന് ബി ടെക് ബിരുദം നേടിയ ശേഷം പത്ത് വർഷം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ്സ് തുടങ്ങുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ ഇയാൾ ഉണ്ടെന്ന് അറിഞ്ഞെത്തിയ തൃശൂർ ഈസ്റ്റ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രവീൺ റാണ വിദഗ്ധമായി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടു. ഒരു ലിഫ്റ്റിലൂടെ പോലീസ് പരിശോധനക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന റാണയുടെ നാല് കാറുകൾ പോലീസ് പിടിച്ചെടുത്തു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നതിനിടെയാണ് കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ റാണയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. രണ്ട് പോലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. ഒരു ലിഫ്റ്റിൽ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റിൽ താഴേക്കിറങ്ങി. ഫ്ലാറ്റിൽ റാണയില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു കാറിൽ പ്രതി രക്ഷപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. ട്രാഫിക് ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. അങ്കമാലിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയെങ്കിലും റാണയുടെ സുഹൃത്തുക്കൾ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

റാണയെ കലൂരിൽ ഇറക്കിവിട്ടെന്നാണ് ഇവർ നൽകിയ മൊഴി. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പ്രതിയുടെ ലൊക്കേഷൻ പോലീസിന് വ്യക്തമായി പിന്തുടരാൻ കഴിഞ്ഞിട്ടില്ല. കേരളം വിടാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. റാണക്കെതിരായ അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്. റാണയുടെ പിടിച്ചെടുത്ത നാല് കാറുകൾ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വിവിധ ജില്ലകളിലെ റാണയുടെ സ്ഥാപനങ്ങളിൽ ഇന്നലെയും റെയ്ഡ് നടന്നു. സേഫ് ആൻഡ് സ്‌ട്രോംഗിന്റെ മണ്ണാർക്കാട് ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പാലക്കാട്, ഒറ്റപ്പാലം ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു.

“സേഫ് ആൻഡ് സ്‌ട്രോംഗ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസ്സുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു ഇയാൾ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകർ വീണത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ച് ആയിരം വോട്ടും നേടിയിരുന്നു. സിനിമയിലും ഒരു കൈ നോക്കി. ചോരൻ എന്ന സിനിമയിലെ നായകനുമായി.

Latest