Connect with us

pravasi bharatiya divas

പ്രവാസി ഭാരതീയ ദിവസ്: അണിഞ്ഞൊരുങ്ങി 'വൃത്തിയുള്ള നഗരം'

പ്രവാസി ഭാരതീയ സമ്മാൻ വിതരണം ഇന്ന് നടക്കും.

Published

|

Last Updated

ഇൻഡോർ | ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്നതാണ് മധ്യപ്രദേശിലെ ഇൻഡോർ. സ്മാർട്ട് സിറ്റികളിൽ ഒന്നായി വികസിക്കുന്ന ഇൻഡോറിൽ ഇപ്പോൾ ലോകത്തിന്റെ എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് സംഗമിച്ചിരിക്കുന്നത്.  അതിഥികളെ വരവേല്‍ക്കാൻ വലിയ ഒരുക്കങ്ങളാണ് നഗരം നടത്തിയത്. മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളിൽ മുങ്ങിക്കിടക്കുകയാണ് വാണിജ്യ തലസ്ഥാനമായ ഇന്‍ഡോർ. സമ്മേളനത്തിന്റെ സന്ദേശമറിയിക്കുന്ന കമാനങ്ങളും വലിയ പരസ്യങ്ങളും എവിടെയും കാണാനാകും. ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും എത്തുന്നതിനാൽ നഗരത്തിൽ കർശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പ്രധാന പരിപാടികൾ നടക്കുന്നത് വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ്. 3500 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാൽ പ്രധാന വേദിയിൽ ഇത്രയും ആളുകൾക്ക് ഇരിപ്പിടം ഒരുക്കാൻ സാധിക്കാത്തത് കാരണം പരിപാടിയുടെ മികവ് ചോരുന്നുവെന്ന പരാതിയുണ്ട്.  29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ അടക്കം ആളുകൾ എത്തിയിട്ടുണ്ട്. 37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രവാസികൾ ഇന്ത്യയുടെ അംബാഡർമാർ: പ്രധാനമന്ത്രി

ഇൻഡോർ | പ്രവാസി ഭാരതീയർ ഇന്ത്യയുടെ അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന് നൽകിയ സംഭാവനകൾ രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 17ാം പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

കോടിക്കണക്കിന് വിദേശ ഇന്ത്യക്കാരെ ആഗോള ഭൂപടത്തിൽ കാണുന്നു. ഇന്ത്യയിലെ ആളുകൾ ലോകത്തിലെ പല രാജ്യങ്ങളിലും ഒരു പൊതു ഘടകമായി മാറി. വൈവിധ്യപൂർണമായ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് മേക് ഇൻ ഇന്ത്യ, യോഗ, കരകൗശല വ്യവസായം എന്നിവയിൽ കാര്യമായ പങ്കുവഹിക്കാനാകും. ചൂട് നിറഞ്ഞ രാജ്യങ്ങളിലും മോശം മണ്ണുള്ള പ്രദേശങ്ങളിലും വ്യാപകമായി അതിവേഗം വളരുന്ന ധാന്യച്ചെടിയായ ‘മില്ലറ്റി’നു സമാനമാണ് പ്രവാസികൾ.  ഓരോ പ്രവാസി ഭാരതീയരും അവരവരുടെ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചവരാണ്. ഈ പ്രവാസി ഭാരതി ദിവസ് പല തരത്തിൽ സവിശേഷമാണ്, രാജ്യം ‘അമൃത് കാല’ത്തിലേക്ക് പ്രവേശിച്ചു. ഈ യാത്രയിൽ പ്രവാസി ഭാരതീയർക്ക് സുപ്രധാന സ്ഥാനമുണ്ട്. ഇന്ത്യയുടെ ആഗോള ക്രമം നിങ്ങൾ തീരുമാനിക്കുന്നത് പോലെയാണ്.

വിദേശത്ത് ജനിച്ചുവളർന്ന പുതുതലമുറ യുവാക്കൾക്ക് നമ്മുടെ ഇന്ത്യയെ കുറിച്ച് അറിയാൻ നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ഇന്ത്യ ഒരു വിജ്ഞാന കേന്ദ്രം മാത്രമല്ല, നൈപുണ്യമുള്ള ഒരു മൂലധനവുമാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. നമ്മുടെ യുവാക്കൾക്ക് കഴിവുകളും മൂല്യങ്ങളും സത്യസന്ധതയും ജോലിയോടുള്ള നിശ്ചയദാർഢ്യവും ഉണ്ട്. ഓരോ പ്രവാസി ഭാരതീയനും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അറിയണം. ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങൾ കാണിക്കാനും ലോകത്തിന് മാതൃകയാകാനുമുള്ള മികച്ച അവസരമാണ് ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയെ ലോകം പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കാണുന്നത്. ഇന്ത്യയുടെ വേഗതയിലും സ്കെയിലിലും ലോകത്തിന് താൽപ്പര്യമുണ്ട്.  അവർക്ക് ഇന്ത്യയുടെ ഭാവിയിൽ താൽപ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ 40 ശതമാനവും ഇന്ത്യയിൽ നടക്കുന്നതായി കാണുമ്പോൾ ലോകം ആശ്ചര്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖി വിശിഷ്ടാതിഥികളായി പങ്കെടുത്തു. നിരവധി കേന്ദ്ര മന്ത്രിമാരും പ്രമുഖരും സംബന്ധിക്കുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കുടിയേറ്റക്കാരുടെ സംഭാവന എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആദ്യത്തെ ഡിജിറ്റൽ പിബിഡി പ്രദർശനം നഗരിയിൽ നടക്കുന്നു. പ്രധാനമന്ത്രി ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. കുടിയേറ്റത്തിന്റെ പ്രാധാന്യം അടിവരയിടുന്ന സ്മരണിക തപാൽ സ്റ്റാമ്പ് അദ്ദേഹം പുറത്തിറക്കി. പ്രവാസി ഭാരതീയ സമ്മാൻ വിതരണം ഇന്ന് നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് 2023-ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ സമ്മാനിക്കുന്നത്.  സമാപന സമ്മേളനത്തിൽ അവർ അധ്യക്ഷത വഹിക്കും. 29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ അടക്കം ആളുകൾ എത്തിയിട്ടുണ്ട്. 37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Latest