Kerala
വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരന്‍; സുധാകരന്‍ ജനകീയനും ഭരണത്തില്‍ മിടുക്കനുമെന്ന് പുകഴ്ത്തല്‍
വെള്ളാപ്പള്ളിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ഇന്ന് എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കാണുമെന്നാണ് വിവരം.
ആലപ്പുഴ| അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ് ജി സുധാകരന്‍ എത്തിയത്. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദര്‍ശനം. കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു. സന്ദര്‍ശനത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ജി സുധാകരന്‍ പ്രതികരിച്ചില്ല. വെള്ളാപ്പള്ളിയെ കണ്ടിറങ്ങിയ ജി സുധാകരന്‍ ഇന്ന് എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പോകുകയാണെന്ന് ജി സുധാകരന്‍ തന്നോട് പറഞ്ഞുവെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. ജി സുധാകരന്‍ പിന്തുണയൊന്നും തേടിയിട്ടില്ല സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. എസ്എന്‍ഡിപിയുടെ നിലപാട് അമ്പലപ്പുഴയില്‍ മാത്രമല്ല, ആകെയാണ്. സ്ഥാനാര്‍ത്ഥികളെ എല്ലാം നിര്‍ണയിക്കട്ടെ എന്നിട്ട് പിന്തുണ സംബന്ധിച്ചെല്ലാം മറുപടി പറയാമെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ജി സുധാകരന്‍ ജില്ലയില്‍ സ്വാധീനമുള്ള മാന്യ വ്യക്തിയാണ്, ജനകീയനാണ്. ഭരണത്തില്‍ മിടുക്കനാണ്. സത്യസന്ധനായ മന്ത്രിയാണെന്ന് തെളിയിച്ചയാളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.


