Uae
കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ പ്രഥമ പരിഗണന; ഇമാറാത്തി ബാലദിനത്തില്‍ ആശംസകളുമായി യു എ ഇ പ്രസിഡന്റ്
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും സുരക്ഷിതവും സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.
അബൂദബി | ഇമാറാത്തി ബാലദിനത്തോടനുബന്ധിച്ച് രാജ്യത്തെ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. കുട്ടികള്‍ക്കായി സുരക്ഷിതവും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും സുരക്ഷിതവും സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.
കുട്ടികളില്‍ മാതൃരാജ്യത്തോടുള്ള സ്നേഹവും രാജ്യത്തിന് വേണ്ടിയുള്ള ത്യാഗമനോഭാവവും വളര്‍ത്തിയെടുക്കുന്നത് ഉന്നതമായ ലക്ഷ്യവും രാജ്യത്തിന്റെ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപവുമാണ്. ചുറ്റുമുള്ള വെല്ലുവിളികള്‍ക്കിടയിലും മാനവികത, നന്മ, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായാകും യു എ ഇ കുട്ടികളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളി നാണയം പുറത്തിറക്കി
ഇമാറാത്തി ബാലദിനത്തിന്റെ ഭാഗമായി യു എ ഇ സെന്‍ട്രല്‍ ബേങ്ക് പ്രത്യേക വെള്ളി നാണയം പുറത്തിറക്കി. നാണയത്തിന്റെ ഒരു വശത്ത് ഈ ദിവസത്തെ സൂചിപ്പിക്കുന്ന 15 ദിര്‍ഹം എന്ന മൂല്യവും മറുവശത്ത് പ്രമേയമായ ‘വ്യക്തിത്വത്തിനും ദേശീയ സംസ്‌കാരത്തിനുമുള്ള അവകാശം’ എന്നതിനൊപ്പം ഒരു കോട്ടയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.
28 ഗ്രാം വീതം തൂക്കമുള്ള 2,000 വെള്ളി നാണയങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്. ഈ നാണയങ്ങള്‍ വാങ്ങുന്നതിനായുള്ള തീയതിയും രീതിയും സെന്‍ട്രല്‍ ബേങ്ക് ഉടന്‍ പ്രഖ്യാപിക്കും.
ഇമാറാത്തി സ്വത്വം ശക്തിപ്പെടുത്തുന്നതിനും പൗരബോധം വളര്‍ത്തുന്നതിനുമുള്ള ദേശീയ സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അസിസ്റ്റന്റ് ഗവര്‍ണര്‍ സൈഫ് ഹുമൈദ് അല്‍ ദാഹിരി പറഞ്ഞു.




