Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്; 4,741 കേസുകള്‍ സി ബി ഐക്ക് കൈമാറിയതായി മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് കമ്പനി നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,741 കേസുകള്‍ സി ബി ഐ ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവി വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളില്‍ അന്വേഷണത്തിലിരിക്കെ, കേസന്വേഷണം സി ബി ഐക്ക് കൈമാറുന്നതിന് കേരളാ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നിലവില്‍ സി ബി ഐയുടെ പ്രത്യേക അന്വേഷണ സംഘം ആണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 15 വാഹനമടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്ന് കഴിഞ്ഞ 30ന് സി ബി ഐയില്‍ നിന്നും ലഭിച്ച കത്തില്‍ പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്സ് ആക്ട് പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി സഞ്ജയ് എം കൗളിനെ കോംപീറ്റന്റ് അതോറിറ്റി വണ്‍ ആയും ധനകാര്യ റിസോഴ്സസ് ഓഫീസര്‍ ജി ആര്‍ ഗോകുലിനെ കോംപീറ്റന്റ് അതോറിറ്റി സെക്കന്‍ഡ് ആയും നിയമിച്ചിട്ടുണ്ട്. അവരെ സഹായിക്കുന്നതിനുള്ള ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍മാരേയും നിയോഗിച്ചു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി മുഴുവന്‍ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി ബി ഐക്ക് കെമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയെ ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി നിര്‍ദേശം ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്. സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകരുടെ തുക വീണ്ടെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ചിട്ടി കമ്പനി ഉടമകള്‍ മുപ്പതിനായിരത്തോളം പേരില്‍ നിന്നും 2000 കോടിയോളം രൂപയാണ് തട്ടിയെടുത്ത്. പോപ്പുലര്‍ സ്ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും അവരുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരുടെയും പേരിലുള്ള ബേങ്ക് നിക്ഷേപങ്ങള്‍, സ്ഥാവര ജംഗമ സ്വത്തുക്കള്‍, ബ്രാഞ്ചുകളില്‍ ഉള്ള പണവും സ്വര്‍ണവും, ആഡംബര കാറുകള്‍, നശിച്ചു പോകാനിടയുള്ള മറ്റു വസ്തുക്കള്‍ എന്നിവ കാലഹരണപ്പെട്ടു പോകുന്നതിനു മുമ്പായി കണ്ടുകെട്ടി, ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് നല്‍കണം. പെന്‍ഷന്‍ തുകയും സ്ഥലം വിറ്റുകിട്ടിയ പണവും നിക്ഷേപിച്ച പാവങ്ങളും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

---- facebook comment plugin here -----

Latest