Connect with us

Kerala

ഒന്നിലേറെ വിവാഹം: മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി

കുടംബ കോടതി ഉത്തരവ് റദ്ദാക്കി

Published

|

Last Updated

കൊച്ചി | മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ മൊഴി ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതിൽ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതിൽ നിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ത്വലാഖുകൾ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് ചൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്റെ ഭാര്യ നേരത്തേ ചവറ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കുടുംബ കോടതി, മൂന്നാം ത്വലാഖ് ചൊല്ലുന്നതിൽ നിന്ന് ഹർജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹരജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു.

കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ച ബഞ്ച്, വ്യക്തി നിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയിൽ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളിൽ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തി നിയമ പ്രകാരം ഒരാൾക്ക് ഒരേ സമയം ഒന്നിലധികം വിവാഹങ്ങൾ ആകാം. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത്, പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങളിൽ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

Latest