Connect with us

Kerala

പത്തനംതിട്ടയില്‍ പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; നിരവധി പേര്‍ കുടുങ്ങി

വര്‍ഷങ്ങളായി മുങ്ങിനടന്ന 15 വാറന്റ് കേസുകളിലെ പ്രതികളെ പിടികൂടിയപ്പോള്‍, ജാമ്യമില്ലാ വാറണ്ടുകളില്‍ 36 പേരാണ് പിടിയിലായത്

Published

|

Last Updated

പത്തനംതിട്ട |   പോലീസ് നടത്തിയ  കോമ്പിങ് ഓപ്പറേഷനില്‍  നിരവധി പേര്‍ പിടിയിലായി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ലഹരിവസ്തുക്കള്‍ക്കെതിരെ 83 റെയ്ഡുകളാണ് നടന്നത്, കഞ്ചാവ് ബീഡി വലിച്ചതിന് ആകെ 11 കേസുകളിലായി 11 പേര്‍ അറസ്റ്റിലായി. പത്തനംതിട്ട, ഇലവുംതിട്ട, ആറന്മുള, അടൂര്‍, പന്തളം കൂടല്‍,  കൊടുമണ്‍, തിരുവല്ല, കീഴ്വായ്പ്പൂര്‍, പെരുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കഞ്ചാവ് ബീഡി വലിച്ചവര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്.

പത്തനംതിട്ടയില്‍ രണ്ടും, മറ്റ് സ്റ്റേഷനുകളിലായി ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 11 പ്രതികളില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. പൊതുസ്ഥലത്തെ മദ്യപാനത്തിന് ജില്ലയില്‍ ആകെ 12 കേസുകളെടുത്തു. പത്തനംതിട്ട 2, മലയാലപ്പുഴ 1, ആറന്മുള 1, ഏനാത്ത് 1, പന്തളം 1, തണ്ണിത്തോട് 1, ചിറ്റാര്‍ 2, റാന്നി 1, തിരുവല്ല 2 എന്നിങ്ങനെയാണ് കേസുകള്‍. 11 പേര്‍ പിടിയിലായി, 37 ഇടത്ത് പരിശോധന നടന്നു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പന കണ്ടെത്തുന്നതിനു 51 റെയ്ഡുകളാണ് നടന്നത്. 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 18 പേര്‍ അറസ്റ്റിലായി. മദ്യപിച്ചു വാഹനം ഓടിച്ച 112 പേര്‍ക്കെതിരെ കേസെടുത്തു. ആകെ 759 വാഹനങ്ങള്‍ പരിശോധിച്ചു. വര്‍ഷങ്ങളായി മുങ്ങിനടന്ന 15 വാറന്റ് കേസുകളിലെ പ്രതികളെ പിടികൂടിയപ്പോള്‍, ജാമ്യമില്ലാ വാറണ്ടുകളില്‍ 36 പേരാണ് പിടിയിലായത്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഗുരുതരമല്ലാത്ത കേസുകളില്‍ ഒളിവിലായിരുന്ന 14 പേരും പോലീസ് പരിശോധനയില്‍ കുടുങ്ങി. കാപ്പ നടപടി നേരിടുന്നവര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയും നടന്നു. ഉത്തരത്തില്‍ 10 പേരെയാണ് ചെക്ക് ചെയ്തത്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടവരായ 109 പേരെ പരിശോധിച്ചു. അറിയപ്പെടുന്ന റൗഡികളായ 10 ക്രിമിനല്‍ കുറ്റവാളികളെയും ചെക്ക് ചെയ്തു.  ജില്ലയിലാകെ 64 ലോഡ്ജുകളും പരിശോധിച്ചു. ഇത്തരം പ്രത്യേകപരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.