ci sunu
പിരിച്ചുവിടൽ നീക്കത്തിനിടെ സി ഐ സുനുവിന് പോലീസിൻ്റെ ക്ലീൻ ചിറ്റ്
ബലാത്സംഗ കേസിൽ സുനുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരം | തൃക്കാക്കര ബലാത്സംഗക്കേസിൽ സസ്പെൻഷനിലായ സി ഐ സുനുവിനെ പിരിച്ചുവിടാൻ സർക്കാർ നീക്കം നടത്തുന്നതിനിടെ ക്ലീൻ ചിറ്റുമായി അന്വേഷണ സംഘം. ബലാത്സംഗ കേസിൽ സുനുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ബേപ്പൂർ കോസ്റ്റൽ സി ഐ ആയിരിക്കവയൊണ് സുനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയുടെ ഭർത്താവിന് സുനുവിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും ഭർത്താവിന്റെ സമ്മർദത്തിന് വഴങ്ങി യുവതി സുനുവിനെതിരെ പരാതി നൽകിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളോട് ഇന്നലെ രാവിലെ 11ന് പോലീസ് ആസ്ഥാനത്ത് നേരിട്ടെത്താൻ ഡി ജി പി നിർദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നുമാണ് പോലീസ് മേധാവിയുടെ നോട്ടീസിന് മറുപടി നൽകിയത്.
പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്നായിരുന്നു ഡി ജി പി നൽകിയ നിർദേശം. ബലാത്സംഗമുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടൽ വേണമെന്നായിരുന്നു ഡി ജി പി അനിൽകാന്ത് ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. നിലവിൽ സുനു പ്രതിയായ ആറ് ക്രിമിനൽ കേസുകളാണ് ഉള്ളത്.
അതിൽ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്. ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചതിന് പുറമെ ഒമ്പത് തവണ വകുപ്പ്തല അന്വേഷണവും ശിക്ഷാനടപടികളും ഇയാൾ നേരിട്ടിട്ടുണ്ട്. നേരത്തേ പിരിച്ചുവിടാതിരിക്കാൻ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഡി ജി പി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സുനു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഒരാഴ്ചക്കകം വിശദീകരണം നൽകാനായിരുന്നു ട്രൈബ്യൂണലിന്റെ നിർദേശം. തുടർന്ന് ഡിസംബർ 31ന് സുനു പോലീസ് മേധാവിക്ക് മുന്നിൽ ഇ മെയിൽ വഴി വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ട് ഹാജരാവാൻ ഇയാൾക്ക് വീണ്ടും നോട്ടീസ് നൽകിയത്.




