Kerala
കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ്: വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി
കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് കാട്ടാമ്പാക്ക് ഭാഗത്ത് കെ എ പ്രദീപ്കുമാര്‍ (56)നെതിരെ ചിങ്ങവനം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് തള്ളിയത്.

കോട്ടയം | വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി. കോട്ടയം കോളനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുനക്കര ബസ് കണ്ടക്ടര്‍ കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് കാട്ടാമ്പാക്ക് ഭാഗത്ത് കെ എ പ്രദീപ്കുമാര്‍ (56)നെതിരെ ചിങ്ങവനം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് തള്ളിയത്.
സംസ്ഥാനത്ത് ആദ്യമായാണ് പോക്‌സോ കേസില്‍ പ്രതിയെ വിചാരണ പോലുമില്ലാതെ കോടതി വിട്ടയക്കുന്നത്. വലിയ തോതില്‍ മാധ്യമ ശ്രദ്ധ നേടിയ കേസില്‍ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി എസ് സൈമയാണ് വിധി പ്രഖ്യാപിച്ചത്.
2024 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ബസില്‍ കയറിയപ്പോള്‍ കണ്ടക്ടറായ പ്രദീപ്കുമാര്‍ മോശമായി സംസാരിക്കുകയും, പെരുമാറുകയും ചെയ്തതായാണ് പ്രോസിക്യൂഷന്‍ കേസ്. പോക്‌സോ നിയമത്തിന്റെ 11, 12 ബി എന്‍ എസ് നിയമം 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതിഭാഗം വിടുതല്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.
കണ്ടക്ടര്‍ തന്റെ ജോലിയുടെ ഭാഗമായി സംസാരിച്ചതാണെന്നും ലൈംഗിക ചുവയോടെയുള്ള സംസാരം ഇതില്‍ വരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.
ഇത് പരിഗണിച്ചാണ് കോടതി പ്രതിയെ വിചാരണ പോലുമില്ലാതെ വിട്ടയച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ വിവേക് മാത്യു വര്‍ക്കി, കെ എസ് ആസിഫ്, ലക്ഷ്മി ബാബു, മീര, അശ്വതി, നെവിന്‍, സല്‍മാന്‍ ഹാജരായി.