Untitled
പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ ഇരുചുണ്ടുകളും അറുത്തെടുത്തു
വിദ്യാർത്ഥിയുടെ പെരുമാറ്റത്തെക്കുറിച്ച് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപിക പരാതിപ്പെട്ടിരുന്നു. ശല്യം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥിയുടെ മാതാവ് ഉറപ്പുനൽകിയെങ്കിലും മാറ്റമുണ്ടായില്ല.
മെയിൻപുരി | ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ജനുവരി 26-ന് നടന്ന അക്രമത്തിൽ അധ്യാപികയുടെ ഇരുചുണ്ടുകളും വിദ്യാർത്ഥി ആയുധം ഉപയോഗിച്ച് അറുത്തെടുത്തു. ആഗ്ര റോഡിലെ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ വിദ്യാർത്ഥി നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തെക്കുറിച്ച് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപിക പരാതിപ്പെട്ടിരുന്നു. ശല്യം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥിയുടെ മാതാവ് ഉറപ്പുനൽകിയെങ്കിലും മാറ്റമുണ്ടായില്ല. ഇതേത്തുടർന്ന് അധ്യാപിക ജോലി രാജിവെച്ച് മറ്റൊരു സ്കൂളിലേക്ക് മാറി. എന്നാൽ പുതിയ ജോലിസ്ഥലത്തും വിദ്യാർത്ഥി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തു.
ജനുവരി 26-ന് ജോലിക്ക് പോകുന്നതിനിടെ അധ്യാപികയെ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അധ്യാപികയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഫത്തേ ബഹാദൂർ സിംഗ് അറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.



