Connect with us

pinarayi letter

പിണറായിയുടെ കത്ത് മതേതര ഐക്യത്തിലേക്കുള്ള ചുവട്

കഴിഞ്ഞ ദിവസം എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തയച്ചിരുന്നു

Published

|

Last Updated

 

കോഴിക്കോട് |  ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചത് ബി ജെ പി വിരുദ്ധ മതേതര സഖ്യത്തിന്റെ ഐക്യ നീക്കങ്ങളില്‍ പ്രധാന ചുവടുവയ്പ്പ്.

തെളിവൊന്നും ലഭിക്കാതെ സിസോദിയയെ അറസ്റ്റ് ചെയ്ത നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.

കഴിഞ്ഞ ദിവസം എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതേ ആവശ്യം ഉയര്‍ത്തി പ്രധാനമന്ത്രിക്കു കത്തയച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി എം കെ, ഇടതുപാര്‍ടികള്‍ എന്നിവര്‍ കത്തില്‍ ഒപ്പുവച്ചിരുന്നില്ല. കേന്ദ്ര ബി ജെ പി സര്‍ക്കാറിനെതിരായ പ്രതിപക്ഷ നീക്കത്തില്‍ കണ്ണിചേരാതിരിക്കുന്നതിലെ പോരായ്മ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരിക്കുന്നത്. കത്തിനു നന്ദി രേഖപ്പെടുത്തി എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പിണറായിക്ക് സന്ദേശം അയച്ചിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അര്‍ ജെ ഡി നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍ സി പി നേതാവ് ശരത് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് ഈ കൂട്ടായ്മയില്‍ പങ്കെടുക്കാതിരുന്നത് മതേതര സമൂഹത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രത്തിനെതിരായ ഇത്തരം നീക്കങ്ങളില്‍ പോലും മതേതര കക്ഷികള്‍ ഒരുമിക്കുന്നില്ലെന്ന സന്ദേശമാണ് ഇതോടെ പുറത്തുവന്നത്. പ്രതിപക്ഷ കക്ഷികളില്‍ ഐക്യമില്ലെന്ന സന്ദേശം പരക്കുന്നത് ലോക സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം അവശേഷിക്കുന്ന ഘട്ടത്തില്‍ ബി ജെ പിക്ക് ഗുണകരമാണെന്നു മനസ്സിലാക്കിയാണ് സി പി എം അടിയന്തിരമായി മുഖ്യമന്ത്രി പിണറായിയെക്കൊണ്ടു കത്തയപ്പിച്ചതെന്നാണു വിവരം.

രാജ്യം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കു നീങ്ങുന്നുവെന്ന ആശങ്കയായിരുന്നു പ്രതിപക്ഷ നേതാക്കള്‍പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉന്നയിച്ചത്. അഴിമതിക്കാര്‍ ബി ജെ പിയില്‍ ചേക്കേറിയാല്‍ അവരുടെ കാര്യ സുരക്ഷിതമാകുന്നതായി നിരവധി സംഭവങ്ങളും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014ലും 2015ലും സി ബി ഐ അന്വേഷണം നേരിട്ട ഹിമന്ത ബിശ്വ ശര്‍മ, ശാരദ ചിട്ടി തട്ടിപ്പില്‍ പ്രതികളായ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവര്‍ ബിജെപിയില്‍ എത്തിയതോടെ ഇവര്‍ക്കെതിരായ അഴിമതി കേസുകള്‍ ഒതുക്കിയെന്നാണു ചൂണ്ടിക്കാട്ടിയത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മതേതര ഐക്യത്തിനു ഭംഗം വരുത്തി മൂന്നാം മുന്നണിക്കു ശ്രമിച്ചുകൊണ്ടിരിക്കുന്ന കക്ഷികളെ കുറ്റപ്പെടുത്തിയിരുന്നു. പ്ലീനറി കുറ്റപ്പെടുത്തിയ കെ ചന്ദ്രശേഖര്‍ റാവു, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ തന്നെ കത്തയക്കാന്‍ നേതൃത്വം നല്‍കിയതു കോണ്‍ഗ്രസ്സിന് ഇഷ്ടപ്പെട്ടിരുന്നില്ല.
മൂന്നാം മുന്നണി എന്നതു കോണ്‍ഗ്രസ്സിനേയും ബി ജെ പിയേയും ഒരുപോലെ എതിര്‍ത്തുകൊണ്ടുള്ള നീക്കമാണ്. മുന്‍ കാലങ്ങളില്‍ മൂന്നാം മുന്നണി ആശയത്തെ പിന്തുണച്ച ഇടതുപക്ഷം ഇപ്പോള്‍, ബി ജെ പിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ ബി ജെ പി വിരുദ്ധ മതേതര കക്ഷികളുടെ ഐക്യം എന്ന നിലപാടിനൊപ്പമാണ്. ദേശീയ സഖ്യത്തേക്കാള്‍ പ്രാദേശികമായ സഖ്യങ്ങള്‍ ഉണ്ടാവണമെന്നാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആശയം.

കോണ്‍ഗ്രസ്സുമായി സഖ്യം ചേരാന്‍ ആഗ്രഹിക്കാത്ത പ്രാദേശിക പാര്‍ട്ടികളെക്കൂടി മതേതര സഖ്യത്തില്‍ കണ്ണിചേര്‍ക്കാനുള്ള രാഷ്ട്രീയ ദൗത്യം ഇടതു പാര്‍ട്ടികളില്‍ വന്നുചേരുമെന്ന രാഷ്ട്രീയ ഉത്തരവാദിത്തം മുന്നില്‍ കണ്ടാണു സി പി എം, എ എ പി നേതാവ് സിസോദിയക്കു വേണ്ടി കത്തയച്ചത് എന്നാണു വിലയിരുത്തപ്പെടുന്നത്.

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്