Connect with us

mar joseph pablani

കർഷകർ അടിമകളല്ല; വോട്ട് ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ്

'മാർ ജോസഫ് പാബ്ലാനി പിതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ തടയാൻ കത്തോലിക്ക കോൺഗ്രസ് ഉണ്ടാകും.'

Published

|

Last Updated

തിരുവനന്തപുരം | റബ്ബർ, നെല്ല് ഉൾപ്പെടെ ഉള്ള കാർഷിക ഉത്പ്പന്നങ്ങളുടെ വിലയിടിവ് , ബഫർസോൺ വിഷയം, വന്യജീവി ശല്യം, വരൾച്ച തുടങ്ങി ജീവിതം മുന്നോട്ട് നീക്കുവാൻ ബുദ്ധിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് കേരള കർഷകരെന്നും കർഷകരുടെ പോരാട്ടത്തിന് ഉളള വോട്ടിന്റെ നിറം അതിജീവനത്തിന്റെ നിറമാണെന്നും കത്തോലിക്ക കോൺഗ്രസ്. റബ്ബറിന് 300 രൂപ വില നടപ്പിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്തുണ കൊടുക്കും എന്ന കത്തോലിക്കാ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ച മാർ ജോസഫ് പാബ്ലാനി പിതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ തടയാൻ കത്തോലിക്ക കോൺഗ്രസ് ഉണ്ടാകും. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും രാഷ്ട്രീയ അയിത്തം കത്തോലിക്ക കോൺഗ്രസിനും കർഷകർക്കുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

കർഷക ആവിശ്യങ്ങൾക്ക് വേണ്ടി നില നിൽക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും കർഷക സമൂഹത്തിന്റെയും കത്തോലിക്ക കോൺഗ്രസിന്റെയും പിന്തുണയുണ്ടാകും. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന ഭരണ തന്ത്രങ്ങൾക്കും രാഷ്ട്രീയ മെയ് വഴക്കത്തിനും അടിയറവ് വയ്ക്കുവാൻ കർഷകർ തയ്യാറല്ല എന്ന് തിരിച്ചറിയണം. കേരളത്തിന്റെ പച്ചപ്പ് ഹരിതാഭമെന്ന് വർണിക്കത്തക്കവിധത്തിൽ നിലനിർത്തുന്നതും കർഷക സമൂഹമാണ്. അവരുടെ അതിജീവനത്തിന്റെ പോരാട്ടത്തിനാണ് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുക.

സമര പോരാട്ടത്തിന്റെ തുടക്കം മാത്രമാണ് ഇന്നലെ തലശ്ശേരി ആലക്കോട് നടന്നത്. നിലനിൽപ്പിന്റെ പോരാട്ടത്തിനൊപ്പം വാഗ്ദാനങ്ങൾ മാത്രം നൽകി ഇതുവരെ കർഷക സമൂഹത്തെ വഞ്ചിച്ച രാഷ്ട്രീയ സമൂഹത്തോടുള്ള ചോദ്യം ഉയർത്തൽ കൂടിയാണ് കത്തോലിക്കാ കോൺഗ്രസ് “കർഷക പ്രതിഷേധ ജ്വാല “. കേരളത്തിലെ കർഷക സമൂഹത്തെ ഒന്നിച്ചു ചേർത്ത് “കർഷക പ്രതിഷേധ ജ്വാല ” കേരളം മുഴുവൻ സംഘടിപ്പിക്കാനും കത്തോലിക്ക കോൺഗ്രസ് ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. റബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ ബി ജെ പിക്ക് എം പിമാരില്ലായെന്ന കുറവ് നികത്തുമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാബ്ലാനി പറഞ്ഞത് വിവാദമായിരുന്നു.