Connect with us

Kerala

കാട്ടാനകളെ പ്രതിരോധിക്കാന്‍ എ ഐ ക്യാമറകളും സീസ്മിക് സെന്‍സറുകളും: മന്ത്രി ഷിബു ബേബി ജോണ്‍

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആനയുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന സീസ്മിക് സെന്‍സറുകള്‍ മണ്ണിനടിയില്‍ അടിയന്തരമായി സ്ഥാപിക്കും.

Published

|

Last Updated

പത്തനംതിട്ട |  വടശ്ശേരിക്കരയിലെ ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ആധുനിക സാങ്കേതികവിദ്യയും സംയുക്ത കര്‍മ്മപദ്ധതിയുമായി സര്‍ക്കാര്‍. ആനകള്‍ സ്ഥിരമായി കടന്നുവരുന്ന വഴികളിലെ പ്രധാന പോയിന്റുകളില്‍ സെന്‍സര്‍ അലേര്‍ട്ട് സംവിധാനത്തോടുകൂടിയ രണ്ട് എ ഐ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. വടശ്ശേരിക്കരയില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തിയത്തുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആനയുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന സീസ്മിക് സെന്‍സറുകള്‍ മണ്ണിനടിയില്‍ അടിയന്തരമായി സ്ഥാപിക്കും. ആനയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി തെര്‍മല്‍ ഡ്രോണ്‍ അടിയന്തരമായി എത്തിക്കും. നിലവിലുള്ള ഒറ്റവരി സോളാര്‍ വേലി പര്യാപ്തമല്ലാത്തതിനാല്‍ മുഴുവന്‍ മേഖലയും ഉള്‍പ്പെടുത്തി എട്ട് കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് വരികളുള്ള പുതിയ സോളാര്‍ വേലി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. വനംവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഇതില്‍ പരിചയ സമ്പന്നരായ പ്രദേശവാസികളെ വോളന്റിയര്‍മാരായി ഉള്‍പ്പെടുത്തും. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി എഫ് ഒയ്ക്ക് നല്‍കണം. രാത്രികാല പട്രോളിംഗിനും വേലിയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ആനകള്‍ സ്ഥിരമായി കടന്നുവരുന്ന പോയിന്റുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി വാച്ച്മാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലെ വേലി മാറ്റാന്‍ കഴിയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു

Content Highlights: The government announced AI cameras with sensor alerts, seismic sensors, and thermal drones to tackle wild elephant intrusions in Vadasserikkara, Pathanamthitta. Tender steps have begun for an eight-kilometer five-strand solar fence alongside a joint task force with local volunteers. Night patrols and removal of removable fencing in teak plantations are also planned.

---- facebook comment plugin here -----

Latest