Connect with us

Kerala

വിമാനങ്ങള്‍ റദ്ദാക്കലും നിയമലംഘനങ്ങളും: സ്‌പൈസ്‌ ജെറ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഗള്‍ഫ് സര്‍വ്വീസുകളെയും ബാധിച്ചു

നവംബര്‍ 17-ന് പുറപ്പെടുവിച്ച നോട്ടീസില്‍, ഏഴ് ദിവസത്തിനുള്ളില്‍ വിശദമായ മറുപടിയും പ്രവര്‍ത്തന പുനരുദ്ധാരണ പദ്ധതിയും സമര്‍പ്പിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി /ദമാം  |      വര്‍ദ്ധിച്ചുവരുന്ന വിമാന റദ്ദാക്കലുകള്‍, കുടിശ്ശിക നല്‍കാത്തതുമൂലമുള്ള പ്രവര്‍ത്തന തടസ്സങ്ങള്‍, വിവിധ വ്യോമയാന നിയമലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നവംബര്‍ 17-ന് പുറപ്പെടുവിച്ച നോട്ടീസില്‍, ഏഴ് ദിവസത്തിനുള്ളില്‍ വിശദമായ മറുപടിയും പ്രവര്‍ത്തന പുനരുദ്ധാരണ പദ്ധതിയും സമര്‍പ്പിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937 പ്രകാരം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

ശൈത്യകാല സമയക്രമത്തില്‍ ദിവസം 66 സര്‍വീസുകള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നെങ്കിലും, നിലവില്‍ പത്തില്‍ താഴെ വിമാനങ്ങള്‍ ഉപയോഗിച്ച് പതിനഞ്ചോളം സര്‍വീസുകള്‍ മാത്രമാണ് കമ്പനി നടത്തുന്നത്. ഭൂരിഭാഗം വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് കാരണങ്ങളാലും നിലത്തിറക്കിയിരിക്കുകയാണ്. ഇവ തിരികെ സര്‍വീസിന് സജ്ജമാക്കുന്നതിനുള്ള കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മുന്നറിയിപ്പില്ലാതെയുള്ള വിമാന റദ്ദാക്കലുകളും മണിക്കൂറുകളോളം നീളുന്ന വൈകലും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നതായും, യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ 16.6 ശതമാനമായിരുന്ന സമയനിഷ്ഠ നവംബര്‍ 19-ന് 25 ശതമാനം മാത്രമായിരുന്നു.

വിമാനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും കാരണം സ്‌പൈസ്‌ജെറ്റ് സഊദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ആവശ്യമായ ഇരുപത് വിമാനങ്ങള്‍ കമ്പനിയുടെ കൈവശമില്ലാത്തതിനാല്‍ സഊദി റൂട്ടുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഷാര്‍ജയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ പതിവ് സര്‍വീസുകള്‍ നിലവില്‍ മുടങ്ങിക്കിടക്കുകയാണ്. തായ്ലന്‍ഡിലെ ബാങ്കോക്ക് , ഫുക്കറ്റ് എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഷെഡ്യൂളില്‍ നാമമാത്രമായ സര്‍വീസുകള്‍ അവശേഷിക്കുന്നത്. എങ്കിലും ഇവയും അവസാന നിമിഷം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. ദുബൈ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ഡനാറ്റയ്ക്ക് കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് നവംബര്‍ 12 മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ ചെക്ക്-ഇന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ ദുബായില്‍ നിന്ന് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.

ചെറിയ നഗരങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും സര്‍വീസ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ റൂട്ട് ഡിസ്‌പേഴ്‌സല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി ആവര്‍ത്തിച്ച് ലംഘിച്ചു. മുന്‍പ് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുക ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും അടച്ചിട്ടില്ല. നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ പുതുക്കുന്നതിലെ അനിശ്ചിതത്വവും, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിന് ആവശ്യമായ കുറഞ്ഞത് 20 വിമാനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതും ഡിജിസിഎ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി 5,500 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് നവംബര്‍ 18-ന് ചേര്‍ന്ന സ്‌പൈസ്‌ജെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. നിലത്തിറക്കിയ വിമാനങ്ങള്‍ തിരികെ എത്തിക്കാനും കുടിശ്ശിക തീര്‍ക്കാനും ഈ തുക ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ അജയ് സിംഗ് വ്യക്തമാക്കി. സ്‌പൈസ്‌ജെറ്റിന്റെ പ്രവര്‍ത്തന തടസ്സങ്ങള്‍ കണക്കിലെടുത്ത്, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി എയര്‍ലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡി ജി സി എ കണക്കുകള്‍ പ്രകാരം, സ്‌പൈസ് ജെറ്റിന്റെ കൈവശമുള്ള ഭൂരിഭാഗം വിമാനങ്ങളും നിലവില്‍ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ് . മൂന്ന് ബോയിംഗ് 737, രണ്ട് ഝ400 അടക്കം ആകെ അഞ്ച് വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് .വിമാനങ്ങളുടെ ലഭ്യത കുറവ് കാരണം നവംബര്‍ 18നും 19നും ആകെ ഏഴ് സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്

Content Highlights: The DGCA issued a show-cause notice to SpiceJet over rising flight cancellations, unpaid dues, and regulatory violations. Gulf and international routes face major disruptions, including suspended check-ins in Dubai. SpiceJet’s board approved raising 5,500 crore rupees to revive grounded aircraft and clear dues.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest