Malappuram
മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി എസ് വൈ എസ് യൂത്ത് മാര്‍ച്ച്
യുവജന മുന്നേറ്റത്തിന്റെ ആവേശമായി നഗരവീഥികള്‍; സേവന സന്നദ്ധരായ 3000 യൂത്ത് കോര്‍ അംഗങ്ങളെ നാടിന് സമര്‍പ്പിച്ചു
സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് കുന്നുമ്മലില്‍ സംഗമിച്ചപ്പോള്‍
മലപ്പുറം | സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് യുവജന മുന്നേറ്റത്തിന്റെ ആവേശവും ആദര്‍ശ പ്രതിബദ്ധതയും വിളിച്ചോതി മലപ്പുറം നഗരത്തെ ഹര്‍ഷപുളകിതമാക്കി. ആയിരക്കണക്കിന് യുവാക്കളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന മാര്‍ച്ച് സമസ്തയുടെ ചരിത്രവും പൈതൃകവും പുതുതലമുറയുടെ കരുത്തും ഒരേ വേദിയില്‍ അടയാളപ്പെടുത്തിയ ജനകീയ മുന്നേറ്റമായി മാറി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ യുവജനങ്ങളെ അണിനിരത്തി മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച മാര്‍ച്ചുകള്‍ കുന്നുമ്മലില്‍ സംഗമിച്ചു. പതാകകളും മുദ്രാവാക്യങ്ങളുമായി അച്ചടക്കത്തോടെയും ആവേശത്തോടെയും നീങ്ങിയ യുവജനറാലി നഗരവീഥികള്‍ക്ക് പുതിയ ഉണര്‍വേകി. സമസ്തയുടെ ആദര്‍ശ പാരമ്പര്യവും നൂറ്റാണ്ടിന്റെ വൈജ്ഞാനിക മുന്നേറ്റവും സാമൂഹിക ഇടപെടലുകളും വിളിച്ചോതുന്നതായിരുന്നു മാര്‍ച്ചിന്റെ പ്രമേയവും സന്ദേശവും.
യൂത്ത് മാര്‍ച്ചിന്റെ ഭാഗമായി സേവന സന്നദ്ധരായ 3000 യൂത്ത് കോര്‍ അംഗങ്ങളെ നാടിന് സമര്‍പ്പിച്ചു. സാമൂഹിക പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് കൈത്താങ്ങാകാനും ജീവകാരുണ്യ-സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും സജ്ജരായ യുവജന നിരയെയാണ് ഇതിലൂടെ കര്മ്മരംഗത്തിറക്കുന്നത്. സേവനം കേവലം വാക്കുകളിലൊതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കാനും സമൂഹത്തിന്റെ ആവശ്യങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കാനും യുവാക്കളെ പ്രാപ്തരാക്കുകയാണ് യൂത്ത് കോറിലൂടെ ലക്ഷ്യമിടുന്നത്. ആദര്‍ശബോധവും ആത്മീയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ യുവജനതയെ വാര്‍ത്തെടുക്കണമെന്ന സന്ദേശവും മാര്‍ച്ച് മുന്നോട്ടുവെച്ചു. സമസ്തയുടെ നൂറ്റാണ്ടിന്റെ ചരിത്രം പകര്‍ന്നുനല്‍കിയ മൂല്യങ്ങള്‍ വരുംതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പുതിയ അധ്യായം തുറക്കുന്നതായിരുന്നു യൂത്ത് മാര്‍ച്ച്.
കുന്നുമ്മലില്‍ നടന്ന സംഗമത്തിനുശേഷം ടൗണ്‍ ഹാള്‍ പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ സോണുകളില്‍നിന്നും യൂണിറ്റുകളില്‍നിന്നും എത്തിയ പ്രവര്‍ത്തകരുടെ സാന്നിധ്യവും വിപുലമായ സംഘാടനവും യൂത്ത് മാര്‍ച്ചിനെ ശ്രദ്ധേയമാക്കി. സമസ്ത സെന്റിനറി ആഘോഷങ്ങള്‍ക്ക് യുവജനങ്ങളുടെ ഐക്യവും കര്‍മശേഷിയും സമര്‍പ്പിച്ചുകൊണ്ടുള്ള ചരിത്രപരമായ സംഗമമായിരുന്നു. പൊതു സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹെദ്രൂസി കല്ലറക്കല്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വടശ്ശേരി ഹസന് മുസ്ലിയാര്, ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി കെ ശക്കീര്‍, പല്ലാര്‍ ഹസന് ബാഖവി, സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, ഉമര്‍ മുസ്ലിയാര് പള്ളിപ്പുറം, എ സി കെ പാങ്ങ്, പി സുബൈര്‍ കോഡൂര്‍, മുഈനുദ്ദീന് സഖാഫി വെട്ടത്തൂര്‍, എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ അസീസ് ഹാജി പുളിക്കല്‍, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബുറഹ്മാന്‍, എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, കെ സൈനുദ്ധീന്‍ സഖാഫി, സി കെ എം ഫാറൂഖ്, എം ദുല്‍ഫുഖാറലി സഖാഫി, മുസ്തഫ അഹ്സനി കൊളത്തൂര്‍, അബ്ദുസമദ് യൂണിവേഴ്സിറ്റി എന്നിവര്‍ പ്രസംഗിച്ചു.



