Saudi Arabia
ഡോളറിനെ ഞെട്ടിച്ച് രൂപയുടെ കുതിപ്പ്: 2018-ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടം; ഗള്‍ഫ് നിരക്കുകളില്‍ കുറവ്
ഈ വര്‍ഷം മെയ് മാസത്തില്‍ ഡോളറിനെതിരെ 96.96 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് വീണ രൂപയാണ് ഇപ്പോള്‍ 92.64 - 93.00 നിലവാരത്തിലേക്ക് ശക്തമായി കരകയറിയിരിക്കുന്നത്.
മുംബൈ/ദമാം | ആഗോള വിപണിയില്‍ യുഎസ് ഡോളര്‍ കരുത്താര്ജ്ജിക്കുന്നതിനിടയിലും ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ രൂപ. ഏപ്രില്‍ മാസത്തിന് ശേഷം ആദ്യമായി പ്രധാനപ്പെട്ട 93 എന്ന നിലവാരം ഭേദിച്ച രൂപ, ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. ഒക്ടോബര്‍ 12-ന് ശേഷമുള്ള ഏറ്റവും ശക്തമായ ഒറ്റ ദിവസത്തെ ഉയര്‍ച്ചയാണ് കറന്‍സി വിപണിയില്‍ രേഖപ്പെടുത്തിയത്.
നവംബര്‍ മാസത്തില്‍ ഇതുവരെ ഏകദേശം 2.46 ശതമാനം നേട്ടമുണ്ടാക്കിയ രൂപ, നിലവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രധാന ഏഷ്യന്‍ കറന്‍സിയായി മാറിയിരിക്കുകയാണ്. ഇതോടെ 2018 നവംബറിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ നേട്ടത്തിലേക്കാണ് രൂപ നീങ്ങുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ ഡോളറിനെതിരെ 96.96 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് വീണ രൂപയാണ് ഇപ്പോള്‍ 92.64 – 93.00 നിലവാരത്തിലേക്ക് ശക്തമായി കരകയറിയിരിക്കുന്നത്.
ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപണികളില്‍ നിന്നും ലാഭമെടുത്ത് പിന്മാറിയ വിദേശ നിക്ഷേപകര്‍, മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുക്കിയതാണ് രൂപയ്ക്ക് പ്രധാന കരുത്തായത്. നവംബറില്‍ മാത്രം 12 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിനുപുറമെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞതും റിസര്‍വ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളും രൂപയുടെ മൂല്യമുയരാന്‍ സഹായിച്ചു.
ഇറക്കുമതി ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും രൂപയുടെ ഈ തിരിച്ചുവരവ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍, രൂപ കരുത്താര്‍ജ്ജിച്ചതോടെ യുഎസ് ഡോളറുമായി മൂല്യം ബന്ധിപ്പിച്ചിട്ടുള്ള ഗള്‍ഫ് കറന്‍സികള്‍ നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ തത്സമയ കണക്കുകള്‍ പ്രകാരം ഒരു യുഎസ് ഡോളറിന് 92.64 – 93.00 വരെയും,സഊദി റിയാലിന് 24.70, യുഎഇ ദിര്‍ഹത്തിന് 25.23, ഖത്തര്‍ റിയാലിന് 25.43 – 25.46 എന്നിങ്ങനെയുമാണ് നിരക്ക്. കൂടാതെ ഒമാനി റിയാലിന് 240.73 – 242.06 വരെയും, ബഹ്റൈന്‍ ദിനാറിന് 246.02 – 246.38 വരെയും, കുവൈത്ത് ദിനാറിന് 297.30 – 299.95 വരെയുമാണ് വിപണി നിരക്ക്
Content Highlights: The Indian rupee reached a seven-month high and is set for its best monthly gain since November 2018. Strong foreign inflows into Indian equities, falling crude oil prices, and central bank support lifted the currency. As a result, exchange rates for major Gulf currencies against the rupee have declined.





