Connect with us

Kerala

പങ്കാളിത്ത പെൻഷൻ; മറ്റ് വകുപ്പുകൾ ഉത്തരവിറക്കുന്നത് വിലക്കി ധനവകുപ്പ്

ഉത്തരവുകൾ സർക്കാർ നയങ്ങൾ പരിശോധിക്കാതെ. ധനകാര്യ വകുപ്പിന്റെ അനുമതി തേടണം

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകൾ ഉത്തരവിറക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ധനകാര്യ വകുപ്പ്. പെൻഷനുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകൾ ഉത്തരവിറക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വിലക്കേർപ്പെടുത്തി ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കുന്നത് ധനകാര്യ വകുപ്പാണെന്നിരിക്കെ ഇതു മറികടന്ന് ഇതര വകുപ്പ്, സ്ഥാപന മേധാവികൾ ഉത്തരവിറക്കിയിരുന്നു. ഇതാണ് ധനകാര്യ വകുപ്പിന്റെ അതൃപ്തിക്ക് കാരണമായത്.

സർക്കാറിന്റെ നയമോ സാമ്പത്തിക, നിയമ വശങ്ങളോ പരിശോധിക്കാതെയാണ് ഇത്തരം ഉത്തരവുകളെന്ന് ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗൾ പറയുന്നു. ശമ്പള- പെൻഷൻ വിഷയങ്ങളിൽ ധനകാര്യ വകുപ്പ് ഒഴികെയുള്ള വകുപ്പുകൾ ഉത്തരവ് ഇറക്കുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതിനെ മറികടന്നാണ് ഇതര വകുപ്പുകൾ ഉത്തരവിറക്കുന്നതെന്നും ധനകാര്യ പെൻഷൻ വിഭാഗത്തിന്റെ അറിവില്ലാതെയുള്ള ഈ നീക്കം ജീവനക്കാർക്കും സർക്കാറിനും ഒരുപോലെ ബുദ്ധിമുട്ടായി മാറുന്നുവെന്നും സഞ്ജയ് എം കൗൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ ധനകാര്യ ഇതര വകുപ്പുകൾ സ്വന്തം നിലയിൽ ഉത്തരവിറക്കുന്നത് വിലക്കുന്നുവെന്നും ഏതെങ്കിലും വകുപ്പുകൾ സ്വന്തം നിലയിൽ ഉത്തരവിറക്കുന്നുണ്ടെങ്കിൽ അതിന് മുമ്പ് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം പദ്ധതി സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടണമെങ്കിൽ പ്രൊപ്പോസൽ, അനുബന്ധ രേഖകൾ എന്നിവ സഹിതം മാത്രമേ ധനകാര്യ വകുപ്പിന് നൽകാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. 2013 ഏപ്രിൽ ഒന്ന് മുതൽ നിയമനം ലഭിച്ച ജീവനക്കാർക്കാണ് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് നടപ്പാക്കിയതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി.