From the print
അജന്‍ഡയില്‍ വിവാദ ബില്ലുകള്‍; പാര്‍ലിമെന്റ് പ്രത്യേക സമ്മേളനം 30ന്
ഡിസംബര്‍ മൂന്ന് വരെ സഭ ചേരും. ലക്ഷ്യം മണ്ഡല പുനര്‍നിര്‍ണയം.
ന്യൂഡല്‍ഹി | ശൈത്യകാല സമ്മേളനം വിളിച്ചുചേര്‍ക്കാതെ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 30 മുതല്‍ ലോക്സഭയും ഡിസംബര്‍ രണ്ട് മുതല്‍ രാജ്യസഭയും വിളിച്ചുചേര്‍ക്കാന്‍ ഇരുസഭാ അധ്യക്ഷന്മാരോടും ആവശ്യപ്പെട്ടതായി പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഡിസംബര്‍ മൂന്നിന് ഇരുസഭകളുടെയും സമ്മേളനം അവസാനിക്കുമെന്നും റിജിജു വ്യക്തമാക്കി. പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.
പ്രതിപക്ഷ നിരയിലുള്ള ഡി എം കെയുടെയും എന്‍ സി പി ശരദ് പവാര്‍ വിഭാഗത്തിന്റെയും പിന്തുണയോടെ വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം (ഡീ ലിമിറ്റേഷന്‍), ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസ്സാക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്നതിനൊപ്പം മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനുള്ള ഭേദഗതി കൂടി പാസ്സാക്കാനാണ് നിര്‍ദിഷ്ട നിയമനിര്‍മാണ പാക്കേജ്. ലോക്സഭയുടെ അംഗബലം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടക്കൂടും ഉള്‍പ്പെട്ടതായിരുന്നു നേരത്തേ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ല്. 2023ല്‍ പാസ്സാക്കിയ വനിതാ സംവരണ നിയമം ഭാവിയിലെ സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമേ നടപ്പാക്കൂ എന്ന വ്യവസ്ഥയോടെയാണ് കൊണ്ടുവന്നത്. ഈ നിയമനിര്‍മാണ പാക്കേജിന്റെ ഭാഗമായ ഭരണഘടനയുടെ 131ാം ഭേദഗതി ബില്ല് ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ ഏപ്രിലില്‍ ലോക്സഭയില്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം, സമ്മേളനത്തില്‍ ഏതെല്ലാം ബില്ലുകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാറിന്റെ അത്യാവശ്യ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഇരുസഭകളും വീണ്ടും സമ്മേളിക്കുന്നതെന്ന വിശദീകരണം മാത്രമാണ് കിരണ്‍ റിജിജു നല്‍കിയത്. ഇതോടെ ഇത്തവണ ശൈത്യകാല സമ്മേളനം ഉണ്ടായിരിക്കില്ലെന്നാണ് സൂചന. സാധാരണഗതിയില്‍ നവംബര്‍ അവസാന വാരത്തില്‍ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനം ഡിസംബര്‍ അവസാനത്തോടെയാണ് സമാപിക്കുക. വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ലാത്തതിനാല്‍ രാഷ്ട്രപതി പുതിയ സമ്മേളനം വിളിക്കേണ്ട ആവശ്യമില്ല. സഭാധ്യക്ഷന്മാര്ക്ക് സഭ വീണ്ടും ചേരുന്നതായി പ്രഖ്യാപിക്കാന്‍ കഴിയും.
വിമര്‍ശവുമായി പ്രതിപക്ഷം
സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഈ നടപടി പാര്‍ലിമെന്റ് സംവിധാനത്തെ പരിഹസിക്കുന്നതാണെന്ന് കോണ്‍ഗ്രസ്സ് എം പി മനീഷ് തിവാരി ആരോപിച്ചു. അസാധാരണമായ സമ്മേളനം ശൈത്യകാല സമ്മേളനത്തിന് പകരമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ നീക്കം പാര്‍ലിമെന്റ് സ്ഥാപനത്തെ പരിഹസിക്കുന്നതാണ്. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ചേരേണ്ട സമയമാണിത്. സമ്മേളനങ്ങള്‍ക്കിടയില്‍ വിളിച്ചുകൂട്ടുന്നതിനുള്ള സംവിധാനമാണ് പ്രത്യേക സമ്മേളനം. പതിവ് ശൈത്യകാല സമ്മേളനത്തിന് പകരമായി ഇത് മാറാന്‍ പാടില്ലെന്നും മനീഷ് തിവാരി പറഞ്ഞു
രാഷ്ട്രീയ തന്ത്രങ്ങളിലൂടെ മണ്ഡല പുനര്‍നിര്‍ണയ ബില്ല് പാസ്സാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് സി പി എം രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുന്നതിന് ഭൂരിപക്ഷം ഉണ്ടാക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Content Highlights: Parliament is set to reconvene from November 30 to December 3 amid speculation over controversial delimitation and women’s reservation legislation. The move has sparked sharp opposition criticism over constitutional amendments and federal representation. Lawmakers are preparing for intense debates as the session approaches.



