Connect with us

From the print

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സഊദി റിഫൈനറിയില്‍ ഹൂതി ആക്രമണം

സഊദിയിലെ വിമാനത്താവളങ്ങള്‍, എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം തുടരുന്നത്.

Published

|

Last Updated

റിയാദ്/ തെഹ്‌റാന്‍ | പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലക്ക് നേരെ ആക്രമണം നടത്തി യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി ടെര്‍മിനലുകളിലൊന്നിന് സമീപം സ്ഥിതി ചെയ്യുന്ന റാസ് തനൂറക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.

ഏകദേശം 600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പുക വ്യാപിച്ചതായാണ് നാസയുടെയും പ്ലാനറ്റ് ലാബ്‌സിന്റെയും ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. റിഫൈനറിയില്‍ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരീ അറിയിച്ചു. സഊദി സര്‍ക്കാറോ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സഊദിയിലെ വിമാനത്താവളങ്ങള്‍, എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം തുടരുന്നത്. ഹൂതി ആക്രമണത്തെ തുടര്‍ന്ന് അരാംകോയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ താത്കാലികമായി തടസ്സപ്പെട്ടിരുന്നു.

ഡ്രോണുകള്‍ തകര്‍ത്തു
സഊദി തലസ്ഥാനമായ റിയാദിനും കിഴക്കന്‍ പ്രവിശ്യക്കും നേരെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഹൂതികള്‍ക്കെതിരെ ആക്രമണം തുടരുന്ന സഖ്യസേന അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ മേഖലയിലേക്ക് എത്തിയ നാല് ഡ്രോണുകള്‍ തകര്‍ത്തതായി സഊദി സഖ്യസേന അറിയിച്ചു. പ്രതിദിനം 5.5 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറ റിഫൈനറി. ഇതിനിടെ, ഹൂതികള്‍ തൊടുത്തുവിട്ട പ്രൊജക്ടൈല്‍ സഊദിയിലെ ചെങ്കടല്‍ തീരത്തുള്ള ജിസാന്‍ തുറമുഖത്ത് പതിച്ചതായി സഖ്യസേന അറിയിച്ചു. സംഭവത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും സഖ്യസേന വ്യക്തമാക്കി. ജിദ്ദ, ജിസാന്‍ തുറമുഖങ്ങള്‍ ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. എന്നാല്‍, ജിദ്ദ തുറമുഖത്തിന് നേരെ ആക്രമണമുണ്ടായെന്നതിന് സ്ഥിരീകരണമില്ല.

സെപ്തംബറില്‍ ചെങ്കടല്‍ തീരത്തെ തന്ത്രപ്രധാന മേഖലകള്‍ ഹൂതികള്‍ പിടിച്ചെടുത്തതോടെയാണ് സഊദിയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായത്. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ ഗതാഗതത്തിന് നിര്‍ണായകമായ ബാബ് അല്‍ മന്ദബ് കടലിടുക്കിന് സമീപത്തേക്ക് ഹൂതികള്‍ മുന്നേറുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

എണ്ണക്കപ്പലിന് തീപിടിച്ചു
ഹോര്‍മുസ് കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒമാനിലെ ഖസബ് തുറമുഖത്തിന് വടക്കുഭാഗത്ത് കടല്‍ മൈനില്‍ തട്ടി രണ്ട് എണ്ണക്കപ്പലുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതായി ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) അറിയിച്ചു. ഇതില്‍ ഒരു കപ്പലില്‍ 20 ലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണയുണ്ടായിരുന്നുവെന്ന് ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ദുബൈയില്‍ നിന്ന് ഏകദേശം 50 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് എണ്ണക്കപ്പലിന് സമീപം പ്രൊജക്ടൈല്‍ പതിച്ചതിനെത്തുടര്‍ന്ന് സ്‌ഫോടനമുണ്ടായതായി സമുദ്രസുരക്ഷാ ഏജന്‍സിയായ യു കെ മാരിടൈം ട്രേഡ് ഓറേഷന്‍സ് (യു കെ എം ടി ഒ) അറിയിച്ചു.

Content Highlights: Yemen’s Houthi rebels targeted a Saudi oil refinery amid widening hostilities across West Asia. The strike heightened concerns over regional energy infrastructure, crude supply routes, and broader Middle East stability. Authorities and global markets are monitoring the fallout as tensions continue to escalate.

 

Latest