Connect with us

Malappuram

മഅ്ദിന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി

ക്ലാസ് ലീഡര്‍, അസംബ്ലി ലീഡര്‍, സ്‌കൂള്‍ ലീഡര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് സ്ഥാനങ്ങളിലേക്ക് 28 പേര്‍ മത്സരാര്‍ഥികളായി.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ 2022-23 വര്‍ഷത്തേക്കുള്ള പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ക്ലാസ് ലീഡര്‍, അസംബ്ലി ലീഡര്‍, സ്‌കൂള്‍ ലീഡര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് സ്ഥാനങ്ങളിലേക്ക് 28 പേര്‍ മത്സരാര്‍ഥികളായി. ജനാധിപത്യ മൂല്യവും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പ്രായോഗികതലത്തില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. 47 വോട്ടുകള്‍ നേടിയ ഷാഫി സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 41 വോട്ടുകള്‍ നേടി സല്‍മാന്‍ ഫാരിസ് അസംബ്ലി ലീഡറായി.

സാമൂഹിക നീതി വകുപ്പ് ഭിന്നശേഷി വിഭാഗം മേധാവി അബൂബക്കര്‍ വിജയികളെ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും നടപ്പിലാക്കിയാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വളരെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സ്വീകരിച്ചത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ എങ്ങനെ ഈ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താക്കി തിരഞ്ഞെടുപ്പിനെ കുട്ടികള്‍ വലിയ വിജയമാക്കി മാറ്റിയെന്ന് പ്രധാനാധ്യാപിക വിമല പറഞ്ഞു.

എല്ലാ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു മാതൃകയാവട്ടെ എന്ന് ജില്ലാ സാമൂഹികനീതി വകുപ്പ് ഭിന്നശേഷി വിഭാഗം മേധാവി അബൂബക്കര്‍ ആശംസിച്ചു. വിജയികളെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഏബ്ള്‍ വേള്‍ഡ് മേധാവി മുഹമ്മദ് അസ്രത്ത് എന്നിവര്‍ അഭിനന്ദിച്ചു.