Connect with us

PANMASALA

വാടകക്ക് കൊടുത്ത വാഹനത്തിൽ പാൻമസാല കടത്ത്: ആലപ്പുഴയിൽ കൗൺസിലർക്കെതിരെ സി പി എം നടപടിക്ക് സാധ്യത

കേസിലെ പ്രതി ഇജാസുമൊത്തുള്ള ഷാനവാസിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ആലപ്പുഴ | നഗരസഭാ കൗൺസിലർ ഷാനവാസ് വാടകക്ക് കൊടുത്ത വാഹനത്തിൽ നിന്ന് ഒരു കോടി രൂപയുടെ നിരോധിത പാൻമസാല പിടികൂടിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സി പി എം ജില്ലാ അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഷാനവാസ് ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. അതിനിടെ, കേസിലെ പ്രതി ഇജാസുമൊത്തുള്ള ഷാനവാസിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈയടുത്ത ദിവസങ്ങളിൽ ഒരാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇന്നലെ പുലർച്ചയോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ പാൻമസാല വസ്തുക്കൾ പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിൽ സി പി ഐ എം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഒരു വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആർ നാസർ ഇന്നലെ രാത്രി ഏരിയാ കമ്മറ്റി വിളിച്ചു ചേർത്തിരുന്നു. ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും നേതൃത്വം അത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഏതാനും ദിവസം മുമ്പാണ് ലോറിയുടെ വാടക കരാർ തയ്യാറാക്കിയത്. മാത്രമല്ല, ഇതിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ലാത്തതും സംശയം ഉയർത്തി. സാധാരണ ശനിയാഴ്ച കൂടാറുള്ള പ്രതിവാര സെക്രട്ടേറിയറ്റ് വരെ കാത്തുനിൽക്കാതെ ഇന്നോ നാളെയോ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് ചേർക്കാനാണ് തീരുമാനം. കേസിൽ ഇതുവരെ മൂന്ന് ആലപ്പുഴ സ്വദേശികൾ അടക്കം നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്.