Kerala
പഹല്‍ഗാം ഭീകര കൃത്യത്തിന് മതവുമായി യാതൊരു ബന്ധവുമില്ല: എം എ ബേബി
എല്ലാ മതങ്ങളുടെയും മൂല്യങ്ങളെ നിരസിക്കുന്നവരാണ് ഭീകരവാദികള്‍
 
		
      																					
              
              
            പത്തനംതിട്ട | ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകര കൃത്യത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്ക് അപമാനം സൃഷ്ടിക്കാനാണ് ഇത്തരം ആള്‍ക്കാരുടെ ശ്രമം.
എല്ലാ മതങ്ങളുടെയും മൂല്ല്യങ്ങളെ നിരസിക്കുന്നവരാണ് ഭീകരവാദികള്‍. കൂട്ടക്കുരുതിക്ക് ഇരയായവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച തദ്ദേശീയനെയും ഇല്ലാതാക്കി. ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭീകരവാദത്തെ ചെറുക്കണം. രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ ഉപയോഗിച്ച് രാജ്യത്ത് ഭിന്നിപ്പിന് ശ്രമിക്കുന്ന ആര്‍ എസ് എസിനെതിരെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ ഒത്തൊരുമിപ്പിച്ച് ഐക്യ നിര കെട്ടിപ്പടുക്കണം. ബംഗാളിലും ത്രിപുരയിലും സി പി എം നേരിട്ട തിരച്ചടികളുടെ തിരിച്ചറിവുകള്‍ പഠിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം സംഭവവുമായി ബന്ധപ്പെട്ട് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മറ്റ് ചരിത്രപരമായ വസ്തുതകളും സ്വാഭാവികമായി ചര്‍ച്ചയാകും. പുല്‍വാമ ഭീകരാക്രമണത്തില്‍ അക്കാലത്തെ ജമ്മുകശ്മീര്‍ ഗവര്‍ണ്ണറായിരുന്ന സത്യപാല്‍ മാലിക്ക് പറഞ്ഞ കാര്യങ്ങളും നമ്മുടെ മുമ്പിലുണ്ടെന്ന് സി പി എം ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
