padmaja venugopal
പത്മജ വേണുഗോപാല്‍ ഇന്ന് ബി ജെ പിയില്‍ ചേരും
ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നു സൂചന

തിരുവനന്തപും | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക്. ഇന്ന് ബി ജെ പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണു വിവരം. പത്മജ ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹ മാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നു ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.
ഇത്തവണ രാജ്യസഭയിലേക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി പത്മജ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്നു വാഗ്ദാനം ചെയ്തതോടെ പാര്‍ട്ടി തന്നെ ഗൗനിക്കുന്നില്ലെന്ന നിലപാടില്‍ പത്മജ എത്തിച്ചേര്‍ന്നു. ബി ജെ പി നേതൃത്വവുമായി ഇതിനിടെ രഹസ്യ നീക്കങ്ങള്‍ നടത്തിയെന്നാണ് അറിയുന്നത്.
സഹോദരന്‍ കെ മുരളീധരന്‍ എം പിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തടയാന്‍ ശ്രമിച്ചില്ലെന്നും സൂചനയുണ്ട്. വടകരയില്‍ വീണ്ടുംജനവിധി തേടാനിരിക്കുന്ന കെ മുരളീധരന് സഹോദരിയുടെ ബി ജെ പി പ്രവേശനം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.