Connect with us

National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാർ തെരുവിൽ; പ്രതിഷേധ മാർച്ച് തടഞ്ഞു; ജന്തർ മന്തർ സമരഭരിതം

തനിക്കെതിരെ നിലവിൽ 45 എഫ് ഐ ആറുകൾ ഉണ്ട്; അത് 100 എണ്ണം തികയ്ക്കുകയാണ് ലക്ഷ്യം: രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി | ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ഡൽഹിയിലെ ജൻപഥിലുള്ള സാഗർ രത്ന റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണപ്രകാരം നടന്ന ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ എം പിമാർ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

വോട്ട് ചോരി വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും രാജ്യത്ത് ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും ഉച്ചഭക്ഷണത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. തടസ്സങ്ങളെ അതിജീവിച്ച് പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതിഷേധത്തിൽ പങ്കെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടു എന്ന് ആരോപിച്ച അദ്ദേഹം, തങ്ങൾക്ക് ഗ്യാനേഷ് കുമാർ നിയമപരമായ ഇലക്ഷൻ കമ്മീഷണറല്ല എന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തങ്ങൾക്കെതിരെ എടുത്ത എഫ് ഐ ആറുകളെ (FIR) കുറിച്ച് പരാമർശിച്ച രാഹുൽ ഗാന്ധി, നിലവിൽ തനിക്കെതിരെ 45 എഫ് ഐ ആറുകൾ ഉണ്ടെന്നും അത് 100 എണ്ണ തികയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.

പ്രതിഷേധത്തിന് മുന്നോടിയായി ആകാശവാണി ഭവനിൽ അനുമതിയില്ലാതെ പ്രവേശിച്ച് ആറ് മണിക്കൂറോളം ധർണ നടത്തിയതിന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റ് സ്ട്രീറ്റിൽ നടന്ന മണിക്കൂറുകൾ നീണ്ട ധർണയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് രാത്രി പത്ത് മണിയോടെയാണ് മോചിപ്പിച്ചത്.

സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലും ആകാശവാണി ഭവന് മുന്നിലും വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചു. എന്നാൽ എഫ് ഐ ആറുകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും, തങ്ങൾ ക്രിമിനലുകളെപ്പോലെ വലിച്ചിഴയ്ക്കപ്പെട്ടുവെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജ്യോതിമണിയും വ്യക്തമാക്കി.

Content Highlights

Opposition INDIA bloc MPs were stopped by Delhi Police while marching towards Jantar Mantar after a strategy lunch in Delhi. Leaders raised strong protests demanding Chief Election Commissioner Gyanesh Kumar’s resignation over the vote chori issue.

Latest