Connect with us

by election result

തോല്‍വിയിലെ പ്രതിപക്ഷ പാഠങ്ങള്‍

ദേശീയ രാഷ്ട്രീയത്തിലെ പുതിയ യാഥാര്‍ഥ്യങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും മനസ്സിലാക്കിയേ മതിയാകൂ. രാജ്യത്ത് നിലവിലുള്ള മതേതരത്വവും ജനാധിപത്യവും ആത്യന്തികമായി നമ്മുടെ ഭരണഘടന തന്നെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ പര്യാപ്തമായ വിപുലമായ ഒരു പ്രതിപക്ഷ മുന്നണിയാണ് ആവശ്യം.

Published

|

Last Updated

മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കും കഴിഞ്ഞ ആഴ്ച നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ രാജ്യത്തെ പ്രതിപക്ഷത്തിനു വിലപ്പെട്ട പാഠമാണ് നല്‍കുന്നത്. ബി ജെ പി കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്നും ഈ പാര്‍ട്ടിയെ പരാജയപ്പെടുത്തണമെങ്കില്‍ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കം അനിവാര്യമാണെന്നുമാണ് ആ പാഠം. യു പിയില്‍ മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളായ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും ബി ജെ പി പിടിച്ചെടുത്തു. പഞ്ചാബിലും ത്രിപുരയിലും ഉള്‍പ്പെടെ നടന്ന തിരഞ്ഞെടുപ്പുകളിലെയും പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശിലും ആം ആദ്മിക്ക് പഞ്ചാബിലും സി പി എമ്മിന് ത്രിപുരയിലും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സി പി എമ്മിന് ത്രിപുരയിലുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റ് ബി ജെ പി പിടിച്ചെടുത്തു. ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ കോട്ടകളായ അസംഗഢിലും റാംപൂരിലും ബി ജെ പി അട്ടിമറി വിജയം നേടി. പഞ്ചാബിലെ സംഗ്രാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ശിരോമണി അകാലിദള്‍ (അമൃത്‌സര്‍) പ്രസിഡന്റ് അട്ടിമറി വിജയം നേടി. ആം ആദ്മിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടത് സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും കനത്ത തിരിച്ചടിയായി. പാര്‍ട്ടി അംഗങ്ങളുടെ ആത്മവിശ്വാസം ചോര്‍ത്തുന്നതാണ് എസ് പിയുടെ കോട്ടകളെന്നു കരുതുന്ന രണ്ട് മണ്ഡലങ്ങളിലെ പരാജയം. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെയും തന്റെ സര്‍ക്കാറിനെയും പരാമര്‍ശിച്ച്, ഇരട്ട എന്‍ജിന്‍ ബി ജെ പി സര്‍ക്കാറിന്റെ വിജയമാണിതെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.

ത്രിപുരയില്‍ നാല് മണ്ഡലങ്ങളില്‍ മൂന്നും വിജയിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ ബി ജെ പിയുടെ ആത്മവിശ്വാസം ഉയര്‍ത്തി. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ത്രിപുരയിലുണ്ടായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം തെളിയിക്കുമെന്ന് അവകാശപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്സിന് മത്സരിച്ച നാല് മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടമായി.

യു പി തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷങ്ങള്‍ ബി ജെ പിക്ക് മാറി വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാല്‍പ്പതും അമ്പതും ശതമാനം മുസ്‌ലിം, പിന്നാക്ക വോട്ടുകളുള്ള രണ്ട് മണ്ഡലങ്ങളാണ് യു പിയില്‍ ബി ജെ പി പിടിച്ചെടുത്തിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നടന്ന അടിയൊഴുക്കുകളെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ മുന്നണിയും പ്രതിപക്ഷവും ദുര്‍ബലമാകുകയും ബി ജെ പിയും ഭരണപക്ഷവും ശക്തിപ്പെടുകയും ചെയ്യുന്ന ചിത്രമാണ് കാണാന്‍ കഴിയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപുലമായ പ്രതിപക്ഷ മുന്നണിക്ക് രൂപം കൊടുക്കാന്‍ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചിട്ടില്ല. പ്രതിപക്ഷത്ത് നിലയുറപ്പിക്കുമെന്ന് കരുതിയ പല പാര്‍ട്ടികളും ഭരണപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികളില്‍ ഒരു പാര്‍ട്ടിക്ക് മാത്രമായി ബി ജെ പിയെ നേരിടാന്‍ സാധ്യമല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ വിപുലമായ മുന്നണി ഉണ്ടായേ മതിയാകൂ. ഈ ഉപതിരഞ്ഞെടുപ്പില്‍ യു പിയില്‍ ബി ജെ പിക്കെതിരായി ഒരു മുന്നണി കെട്ടിപ്പടുക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. ത്രിപുരയില്‍ പ്രതിപക്ഷത്തുള്ള സി പി എമ്മും കോണ്‍ഗ്രസ്സുമെല്ലാം ഒറ്റക്കാണ് മത്സരിച്ചത്. അതിന്റെ ഗുണമാണ് അവിടെ ബി ജെ പിക്കുണ്ടായത്.

ദേശീയ രാഷ്ട്രീയത്തിലെ പുതിയ യാഥാര്‍ഥ്യങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും മനസ്സിലാക്കിയേ മതിയാകൂ. രാജ്യത്ത് നിലവിലുള്ള മതേതരത്വവും ജനാധിപത്യവും ആത്യന്തികമായി നമ്മുടെ ഭരണഘടന തന്നെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ പര്യാപ്തമായ വിപുലമായ ഒരു പ്രതിപക്ഷ മുന്നണിയാണ് ആവശ്യം. ഈ യാഥാര്‍ഥ്യം അംഗീകരിക്കാനും അതിന് അനുസൃതമായ നയ സമീപനങ്ങള്‍ കൈക്കൊള്ളാനും നമ്മുടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.

Latest