Kerala
സ്‌കൂള്‍ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
പതിനായിരക്കണക്കിന് പേര്‍ എത്തിച്ചേരുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് കത്ത്.
 
		
      																					
              
              
            തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് പേര്‍ എത്തിച്ചേരുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷ കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് കത്ത്.
കൊച്ചി കല്ലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തൃക്കാക്കര എം എല്‍ എ ഉമ തോമസ് മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കൊച്ചി ഫ്‌ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മയും അപകടത്തല്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കലോത്സവത്തിന്റെ സുരക്ഷ കുറ്റമറ്റതാക്കണമെന്നതിനുള്ള മുന്നറിയിപ്പായി ഈ സംഭവങ്ങളെ കാണണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
മത്സര വേദികളിലും ഊട്ടുപുരയിലും കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളിലും അടിയന്തിരമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണം. പ്രധാന വേദികള്‍ ഉള്‍പ്പെടെ തിരക്കേറിയ നഗര മധ്യത്തിലായ സാഹചര്യത്തില്‍ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സര്‍ക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

